ജനസംഖ്യാനുപാതികമായി ജില്ലയില്‍ ഡോക്ടര്‍മാരുടെ തസ്തികയില്ല

മലപ്പുറം: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ കുറവുകാരണം മെച്ചപ്പെട്ട ചികില്‍സ രോഗികള്‍ക്ക് അന്യമാവുന്നു. ഇതുകാരണം പാവപ്പെട്ട രോഗികള്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ലഭിക്കാന്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരികയാണ്. ജില്ലയിലെ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ ആരോഗ്യ വകുപ്പ് തയ്യാറാവുന്നുമില്ല.
സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ 28 ഒഴിവുകളും അസിസ്റ്റന്റ് സര്‍ജന്റെ 11 ഒഴിവുകളും ജില്ലയിലുണ്ട്. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ കുറവില്‍ സംസ്ഥാനത്ത് രണ്ടാമതാണ് മലപ്പുറം. 39 പേരുടെ ഒഴിവാണ് കണ്ണൂര്‍ ജില്ലയിലുള്ളത്. ആലപ്പുഴ, വയനാട് എന്നിവിടങ്ങളില്‍ ഇരുപതോളം പേരുടെ ഒഴിവുണ്ട്.
അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിലെ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സ്‌പെഷ്യാലിറ്റി തസ്തികയിലേക്കുള്ള ഒഴിവുകള്‍ സ്ഥാനക്കയറ്റം വഴി നികത്തുന്നതിനായി വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി ചേര്‍ന്ന് നികത്തുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടതായും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ കുറവും രോഗികളുടെ വലിയ തിരക്കുംമൂലം മെച്ചപ്പെട്ട ചികില്‍സ ഉറപ്പാക്കാനും കഴിയുന്നില്ല. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടും ജനസംഖ്യാനുപാതികമായി ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യം ഇതുവരെ സര്‍ക്കാര്‍ ചെവിക്കൊണ്ടിട്ടില്ല. നിലവിലെ ഒഴിവുകള്‍ നികത്തിയാല്‍ പോലും രോഗികളുടെ ബുദ്ധിമുട്ടിന് പരിഹാരമാവില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ജില്ലയില്‍ സാംക്രമിക രോഗങ്ങള്‍ പടരുന്നത് വര്‍ധിച്ചിട്ടുണ്ട്. ഡിഫ്തീരിയ, കോളറ, ടൈഫോയ്ഡ്, ഡെങ്കി, മഞ്ഞപ്പിത്തം, എലിപ്പനി, മലേറിയ എന്നീ അസുഖങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. 2014ല്‍ 135 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചെങ്കില്‍ 2017ല്‍ ഇത് 841 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി പടര്‍ന്നത് കഴിഞ്ഞവര്‍ഷമാണ്. 2015ല്‍ 252, 2016ല്‍ 242 എന്നിങ്ങനെയായിരുന്നു രോഗബാധിതരുടെ എണ്ണം. കഴിഞ്ഞ വര്‍ഷം 31 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 111 പേര്‍ക്ക് മലേറിയയും 64 പേര്‍ക്ക് എച്ച്1 എന്‍1 ഉം പിടികൂടി. 4.75 ലക്ഷം പേരാണ് വൈറല്‍ പനി ബാധിച്ച് ചികില്‍സ തേടിയത്.
ഈമാസം ഒരുദിവസം ശരാശരി ആയിരത്തോളം പേര്‍ വൈറല്‍ പനി ബാധിച്ച് ചികില്‍സ തേടുന്നുണ്ട്. മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം കുറഞ്ഞത് ആശ്വാസകരമാണ്. 2017ല്‍ 160 പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. 2016ല്‍ 328, 2015ല്‍ 404, 2014ല്‍ 715 എന്നിങ്ങനെയായിരുന്നു മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം. സംസ്ഥാനത്തുനിന്ന് തന്നെ തുടച്ചുമാറ്റിയ ഡിഫിത്തീരിയ ജില്ലയില്‍ മരണങ്ങളും വിതച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ ഒഴിവിന് പുറമെ ക്ലിനിക്കല്‍ വിഭാഗത്തില്‍ 11ഉം നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ 15ഉം ഒഴിവുകളും ജില്ലയിലുണ്ട്.

RELATED STORIES

Share it
Top