ജനവിരുദ്ധമായ ആതിരപ്പള്ളി പദ്ധതി ഉപേക്ഷിക്കണം: ബിഷപ്പ് തോമസ് കെ ഉമ്മന്‍കോട്ടയം: ആദിവാസി ജനവിഭാഗങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്നതും, അത്യപൂര്‍വമായ പക്ഷി മൃഗാദികള്‍ക്കും നാശം വരുത്തുന്നതുമായ ആതിരപ്പള്ളി വൈദ്യുതി പദ്ധതി ഉപേക്ഷിക്കണമെന്ന് സിഎസ്‌ഐ പരിസ്ഥിതി സംരക്ഷണ സമിതിയുടെ പ്രമേയത്തിലൂടെ മോഡറേറ്റര്‍ മോസ്റ്റ് റവ. തോമസ് കെ ഉമ്മന്‍ തിരുമേനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗാഡ്ഗില്‍ റിപോര്‍ട്ടില്‍ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശം എന്ന രേഖപ്പെടുത്തിയിട്ടുള്ള വാഴച്ചാല്‍, ആതിരപ്പള്ളി പ്രദേശത്തിനു നാശം വിതയ്ക്കുന്നതും, ചാലക്കുടി പുഴയുടെ ഉന്മൂല നാശത്തിനും വംശഭീഷണി നേരിടുന്ന കാടാര്‍, മലയ എന്നീ ആദിവാസി ഗോത്ര വിഭാഗക്കാരുടെ സ്വത്തിനും ജീവനും ഭീഷണി ഉയര്‍ത്തുന്നതാണ് ആതിരപ്പള്ളി പദ്ധതി എന്നു സമിതി വിലയിരുത്തി. പുഴകളും, കാടുകളും ആവശ്യത്തിലധികം നശിപ്പിക്കപ്പെട്ടിട്ടുള്ള കേരളത്തില്‍ നൂറുകണക്കിന് ഹെക്ടര്‍ വനഭൂമി ഇല്ലാതാക്കുന്ന ആതിരപ്പള്ളി പദ്ധതി കടുത്ത വരള്‍ച്ചയിലേക്കും ജല ദൗര്‍ബല്യത്തിലേക്കും ആയിരിക്കും കേരളത്തെ എത്തിക്കുന്നത്. വംശഭീഷണി നേരിടുന്ന 24 ഇനം സസ്യവര്‍ഗങ്ങള്‍ 35 ഇനം പക്ഷി മൃഗാദികളും അടിസ്ഥാന ഗോത്ര വിഭാഗത്തില്‍ പെടുന്ന 150 കാടാര്‍ കുടുംബങ്ങള്‍ക്കും നിലനില്‍പ്പ് ഭീഷണി ഉയര്‍ത്തുന്ന ഈ പദ്ധതി ഒരു ജനാധിപത്യ സര്‍ക്കാരിനും ഭൂഷണം അല്ലായെന്ന് സമിതി പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. സാമ്പത്തികമായി ലാഭകരം അല്ലാത്ത ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ച്, കുറഞ്ഞ ചെലവില്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെയും ബോധവല്‍ക്കരണത്തിലൂടെയും പ്രസരണ നഷ്ടം കുറച്ച് വൈദ്യുതി ലാഭിക്കുന്നതിലൂടെയും കാറ്റാടി പദ്ധതി സൗരോര്‍ജ പദ്ധതി എന്നിവ പ്രോല്‍സാഹിപ്പിച്ച് ബദല്‍ മാര്‍ഗം കണ്ടെത്താമെന്ന് സമിതി നിര്‍ദേശിക്കുന്നു. മോഡറേറ്റര്‍ തോമസ് കെ ഉമ്മന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റവ. ജിജി ജോസഫ്, റവ. ജോബി ജോയി ആവണക്കാടന്‍, ഡോ. മാത്യു കോശി, പ്രഫ. ഡേവിഡ് എബ്രഹാം, ഡോ. മിനി ചാക്കോ സംസാരിച്ചു.

RELATED STORIES

Share it
Top