ജനവാസ മേഖലയില്‍ മൊബൈല്‍ ടവര്‍: പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

ചവറ: ജനവാസ മേഖലയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കം രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. പന്മന മുകുന്ദപുരം വാര്‍ഡില്‍ അമ്മവീട് ജങ്ഷന് സമീപത്തെ പുരയിടത്തിലാണ് ടവര്‍ നിര്‍മാണം തുടങ്ങിയത്. എന്നാല്‍ പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് നിര്‍മാണം നടത്തുന്നതെന്നാരോപിച്ചാണ് പരിസരവാസികളുടെ പരാതിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പ്രതിഷേധവുമായെത്തിയത്. യാതൊരു കാരണവശാലും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ടവര്‍ നിര്‍മാണം അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. നിര്‍മാണത്തിന് പഞ്ചായത്ത് സെക്രട്ടറി അനുമതി നല്‍കിയെന്നാണ് വസ്തു ഉടമ അവകാശപ്പെടുന്നതെങ്കിലും പഞ്ചായത്ത് കമ്മിറ്റി ഈ വിഷയം അറിഞ്ഞിട്ടില്ലന്ന് പ്രസിഡന്റ് പി കെ ലളിത പറഞ്ഞു. പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസ്, ആര്‍എസ്പി പ്രവര്‍ത്തകര്‍ സ്ഥലത്ത് കൊടി കുത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബാബുജി പട്ടത്താനം, ഇ റഷീദ്, എം എസ് ഖാന്‍, അസനാര് കുട്ടി, വിനോദ് മുകുന്ദപുരം, ബിജു, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

RELATED STORIES

Share it
Top