ജനവാസ കേന്ദ്രത്തില്‍ കാട്ടുപോത്തുകള്‍ ; ജനം ഭീതിയില്‍ബദിയടുക്ക: കാട്ടാനകള്‍ക്ക് പിന്നാലെ കാട്ടുപോത്തുകള്‍ ജനവാസ കേന്ദ്രത്തിലിറങ്ങി. ഇതോടെ ജനം ഭീതിയില്‍. കേരള-കര്‍ണാടക അതിര്‍ത്തിയിലെ സര്‍ഗയ്ക്ക് സമീപം പാണാജെയില്‍ ഇന്നലെ രാവിലെ 7.30 ഓടെയാണ് കാട്ടു പോത്തിന്‍ കൂട്ടത്തെ കണ്ടത്. കര്‍ണാടക വന മേഖലയില്‍ നിന്നും ജന വാസകേന്ദ്രത്തിലെത്തുന്ന വന്യ മൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതായി നേരത്തെ പരാതിയുയര്‍ന്നിരുന്നു. രണ്ടു മാസം മുമ്പ് സ്വര്‍ഗ്ഗക്ക് സമീപം കാട്ടുകുക്കെയില്‍ രണ്ടു കാട്ടു പോത്തുകള്‍ ഏക്കര്‍ കണക്കിന് സ്ഥലത്തെ കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നു. മുന്ന് ദിവസത്തോളം പകല്‍ സമയങ്ങളില്‍ കുറ്റിക്കാട്ടില്‍ പതിയിരുന്ന കാട്ടുപോത്തുകള്‍ രാത്രിയാവുന്നതോടെ കൃഷിയിടങ്ങളിലെത്തി കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയാണ് പതിവ്. പിന്നീട്  വനം വകുപ്പ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് കാട്ടുപോത്തുകളെ വിരട്ടിയോടിച്ചിരുന്നു. കര്‍ണാടക വന മേഖലയോട് ചേര്‍ന്നു കിടക്കുന്ന എന്‍മകജെ പഞ്ചായത്തിലെ സ്വര്‍ഗ്ഗ, കാട്ടുകുക്കെ, ബെള്ളുര്‍ പഞ്ചായത്തിലെ നാട്ടക്കല്ല്, കിന്നിംഗാര്‍, ദേലംപാടി പഞ്ചായത്തിലെ കാട്ടിക്കജെ, അഡൂര്‍ പാണ്ടി, കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴി, ഇരിയണ്ണി തുടങ്ങിയ പ്രദേശങ്ങളിലാണ് വന്യമൃഗ ശല്യം രൂക്ഷമായിട്ടുള്ളത്. കാട്ടാനകള്‍ക്ക് പുറമെ കാട്ടുപോത്തുകള്‍, കാട്ടു പന്നികള്‍ തുടങ്ങി വന്യ മൃഗങ്ങള്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്തെറിയുകയാണ്. വേനല്‍ കാലമാകുന്നതോടെ വനമേഖലയില്‍ വെള്ളവും ഭക്ഷണവും ലഭിക്കാതെ വരുമ്പോള്‍ നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങളാണ് പരക്കെ കൃഷി നശിപ്പിക്കുന്നത്. കാട്ടു പോത്തുകള്‍ കൂട്ടമായി റോഡിലിറങ്ങിയതോടെ ഭീതിയിലായിരിക്കുകയാണ് ജനം. പെര്‍ളയില്‍ നിന്നും സ്വര്‍ഗ്ഗ വഴി പുത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ നാസിറിനാണ് കാട്ടു പോത്തിന്‍ കൂട്ടം റോഡ് മുറിച്ചു കടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ബസ് ഒരു വശത്ത് ഒതുക്കിയിട്ട് ഇദ്ദേഹം മൊബൈലില്‍ ചിത്രം പകര്‍ത്തുകയായിരുന്നു.

RELATED STORIES

Share it
Top