'ജനവാസ കേന്ദ്രങ്ങളിലെ മൊബൈല്‍ ടവര്‍ നിര്‍മാണത്തിനു നിയന്ത്രണം വേണം'ചങ്ങനാശ്ശേരി: ജനവാസ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയ്ക്കു സമീപം മൊബൈല്‍ ടവര്‍ നിര്‍മാണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും കുറഞ്ഞ ശക്തിയുള്ള സെല്ലുലര്‍ ബെയ്‌സ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് ജനവാസ കേന്ദ്രങ്ങളിലും പട്ടണങ്ങളിലും വികീരണ ശക്തി കുറയ്ക്കുന്നതിനുള്ള ട്രാന്‍സ്മിറ്ററുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രഫ. ടി ജെ മത്തായി വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ജനവാസ കേന്ദ്രങ്ങളില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നത് നിരോധിക്കുകയും മൊബൈല്‍ സംവിധാനങ്ങള്‍ക്ക് സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് കമ്പനികള്‍ക്ക് നിര്‍ദേശവും നല്‍കണം. ഈ ആവശ്യം ഉന്നയിച്ച്  മനുഷ്യാവകാശ കമ്മീഷനു 2016ല്‍ നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ടെലികോം മന്ത്രാലയത്തോടും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തോടും വിശദമായ റിപോര്‍ട്ട് നല്‍കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്.2012 സെപ്റ്റംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരത്തക്കവിധം ടവര്‍ റേഡിയേഷന്റെ സുരക്ഷിത പരിധി, മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങി പ്രസക്ത നിര്‍ദേശങ്ങളെല്ലാം നടപ്പാക്കിയിട്ടുള്ളതാണ്. ഇതനുസരിച്ച് ശക്തി കൂടിയ ട്രാന്‍സ്മിറ്ററുകള്‍ ഉയരം കൂടിയ ടവറുകളിലോ, കെട്ടിടങ്ങളുടെ മുകളിലോ വയ്ക്കുന്ന രീതിക്ക് പകരം ശക്തി കുറഞ്ഞ മൈക്രാ ട്രാന്‍സ്മിറ്ററുകള്‍ അതില്‍ തന്നെയുള്ള സംവിധാനങ്ങളോട് ഉപയോഗിക്കണം എന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്.മനുഷ്യാവകാശ കമ്മീഷനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റിപോര്‍ട്ടുകള്‍ സസൂക്ഷമം വിലയിരുത്തിയ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ കൂടുതല്‍ പഠനങ്ങളും ഗവേഷങ്ങങ്ങളും നടത്തി നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ മൊബൈല്‍ ടവര്‍ റേഡിയേഷന്റെ ദൂഷ്യ ഫലങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതാണെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിരുന്നതായും വാര്‍ത്താ സമ്മേളനത്തില്‍ സണ്ണി തോമസ്, വി ജെ ചാക്കോ, ബോബിനാ ഷാജി അറിയിച്ചു.

RELATED STORIES

Share it
Top