ജനല്‍ വഴി മാല മോഷണം; യുവാവ് പിടിയില്‍

എടക്കര: ജനല്‍വഴി മാല മോഷ്ടിച്ച യുവാവ് പിടിയില്‍. നാരേക്കാവ് ഒന്നാംപടി കൊളറമ്മല്‍ മുബഷിറിനെ(25)യാണ് എടക്കര സിഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കെട്ടിടനിര്‍മാണ തൊഴിലാളിയായ ഇയാള്‍ കഴിഞ്ഞ 24നാണ് പാലേമാണ് സൊസൈറ്റിപ്പടിയിലുള്ള വീട്ടില്‍ മോഷണം നടത്തിയത്. വീട്ടുടമസ്ഥന്റെ വിരുന്നുവന്ന മകളുടെ മാലയാണ് ഇയാള്‍ മോഷ്ടിച്ചത്.
ഇരുനില വീടിന്റെ മുകള്‍നിലയില്‍ കുളിമുറിവഴി കയറി കിടപ്പുമുറിയില്‍ ഒളിഞ്ഞുനോട്ടം നടത്തുന്നതിനിടെ ജനല്‍പടിയില്‍ ഊരിവച്ച മൂന്നുപവന്റെ സ്വര്‍ണമാല കാണുകയും അതുമായി കടന്നുകളയുകയുമായിരുന്നു. മോഷണംപോയ സ്വര്‍ണമാല പ്രതിയില്‍ നിന്നു കണ്ടെടുത്തു. രാവിലെ മാല കാണാതായതും ജനല്‍പാളി തുറന്നു കിടക്കുന്നതും ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ പുറത്ത് ഓടുപൊട്ടിയതും ടെറസില്‍ കാല്‍പാടുകളും ശ്രദ്ധയില്‍പെട്ടതോടെയാണ് മോഷണമാണെന്ന് ഉറപ്പിച്ചത.്
തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണവിവരം പോലിസ് ജുവലറികളില്‍ നല്‍കിയിരുന്നു. രണ്ടുദിവസം കഴിഞ്ഞ് ഒരു യുവതി മാല വില്‍ക്കാനായി ഒരു ജുവലറിയില്‍ എത്തിയതായി പോലിസിന് വിവരം ലഭിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന കിട്ടിയത്. പ്രതി മദ്യം, മയക്കുമരുന്നുകള്‍ എന്നിവയ്ക്ക് അടിമയും പതിവായി വീടുകളില്‍ ഒളിഞ്ഞ് നോട്ടം നടത്തുന്നയാളുമാണെന്ന് പോലിസ് പറഞ്ഞു. മുമ്പും മോഷണശ്രമത്തിനും ഒളിഞ്ഞ് നോട്ടത്തിനും പിടിയിലായിട്ടുണ്ടെങ്കിലും നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പറഞ്ഞ് തീര്‍ക്കുകയായിരുന്നു.
പരാതിക്കാരന്റെ മകളുടെ പേരുള്ള മഹര്‍മാലയുടെ ലോക്കറ്റ് പ്രതിയുടെ കിടപ്പുമുറിയില്‍ ഒളിപ്പിച്ചുവച്ചതും പോലിസ് കണ്ടെടുത്തു. മോഷ്ടിച്ച മാല പ്രതിയും സുഹൃത്തുക്കളും നിലമ്പൂരിലെ പല സ്വര്‍ണമിടപാട് സ്ഥാപനങ്ങളിലും കടകളിലും വില്‍പന നടത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെ മറ്റൊരു സുഹൃത്ത് മുഖേന എടക്കരയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയംവച്ചിരുന്നെങ്കിലും പിടിവീഴുമെന്ന് കണ്ട് തിരിച്ചെടുത്ത് കോഴിക്കോട് വില്‍പന നടത്താനായി പദ്ധതിയിട്ടതായിരുന്നു.
അതിനിടയിലാണ് പിടിയിലായത്. മോഷണമുതല്‍ വിറ്റുകിട്ടിയ പണം മദ്യപിച്ച് ധൂര്‍ത്തടിക്കാനാണ് ഉപയോഗിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്‌ഐ സജിത്ത്, സപെഷ്യല്‍ സ്‌ക്വാഡ് എഎസ്‌ഐ എം അസൈനാര്‍, സീനിയര്‍ സിപിഒ സതീഷ്‌കുമാര്‍, സിപിഒമാരായ എന്‍ പി സുനില്‍, ഇ ജി പ്രദീപ്, സജീഷ്, നജീബ്, വനിതാ സിപിഒ സുനിത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

RELATED STORIES

Share it
Top