ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍

തൃശൂര്‍: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തികള്‍ അവതാളത്തില്‍. ഒഴിവു നികത്താനോ തസ്തിക സൃഷ്ടിക്കാനോ മുതിരാതെ അധികൃതര്‍ നിസംഗത തുടരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്നു ജനറല്‍ ആശുപത്രിയായി ഉയര്‍ന്നു. ജില്ലാ പഞ്ചായത്തില്‍നിന്നു കോര്‍പ്പറേഷനിലേക്ക് ഭരണചക്രം മാറ്റി സ്ഥാപിച്ചു എന്നിട്ടും തൃശൂരിന്റെ ഹൃദയഭാഗത്തു നിലംകൊള്ളുന്ന ഈ സര്‍ക്കാര്‍ ആതുരാലയത്തിന്റെ ശനിദശ മാറുന്നില്ല. ഭരണചുമതല കോര്‍പ്പറേഷന്‍ ഏറ്റെടുത്ത ശേഷം മുറ്റം ടൈല്‍പാകി, ചുറ്റുമതില്‍ പണിതതാണ് പ്രത്യക്ഷത്തില്‍ എടുത്തുപറയാവുന്ന ഏകവലിയമാറ്റം. എന്നാല്‍ അപ്പോഴും വലിപ്പത്തിനൊത്ത മികവ് പുലര്‍ത്താന്‍ പലപ്പോഴും ഈ ആതുരാലയത്തിനു കഴിഞ്ഞിട്ടില്ല. ആവശ്യത്തിന് ജീവനക്കാരില്ല എന്നതാണ് കാരണം. തസ്തികകള്‍ പലതും നികത്താതെ ഒഴിഞ്ഞു കിടക്കുമ്പോള്‍ പല വിഭാഗങ്ങളിലും നാമമാത്രമായ ജീവനക്കാരാണുള്ളത്. ഇവരാകട്ടെ പരസ്പരധാരണയുടെ പുറത്ത് ഷിഫ്റ്റടിസ്ഥാനത്തില്‍ കഠിനാദ്ധ്വാനം ചെയ്താണ് താളപ്പിഴകളില്ലാതെ ആശുപത്രി പ്രവര്‍ത്തനം ഇപ്പോള്‍ മുന്നോട്ടു കൊണ്ടു പോകുന്നത്. പൊതുഅവധി ദിനമോ, ജീവനക്കാരുടെ അവശ്യ അവധിയോ ഇപ്പോള്‍ ആശുപത്രി പ്രവര്‍ത്തനത്തെ ഏറെ ബാധിച്ചു തുടങ്ങി. സെക്യുരിറ്റി ജീവനക്കാര്‍ മൂന്നു പേരുണ്ടെങ്കിലും പലപ്പോഴും ഇത് എണ്ണത്തില്‍ മാത്രം ഒതുങ്ങും. നഴ്‌സുമാരുടെ അഭാവവും രാത്രികാലങ്ങളില്‍ ആശുപത്രി എയ്ഡ്‌പോസ്റ്റില്‍ പോലിസ് സേവനവും ലഭ്യമാകാത്തതും പ്രശ്‌നത്തിന്റെ ഗൗരവം ഇരട്ടിയാക്കുന്നു. സര്‍ക്കാരും കോര്‍പ്പറേഷനും ഒട്ടനവധി പദ്ധതികള്‍പ്രഖ്യാപിച്ച് ലക്ഷങ്ങളും കോടികളും മുടക്കി ആശുപത്രി നവീകരണമടക്കം നടത്തുമ്പോഴും ആവശ്യമായ ജീവനക്കാരെ ലഭ്യമാക്കാനോ ഒഴിഞ്ഞ തസ്തികകള്‍ നികത്താനോ മുതിരുന്നില്ല.

RELATED STORIES

Share it
Top