ജനറല്‍ ആശുപത്രിയില്‍ വീണ്ടും രോഗികളെ ചുമന്നു കൊണ്ടുപോവുന്നു

കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും പരിചാരകര്‍ക്കുമുള്ള ലിഫ്റ്റ് പ്രവര്‍ത്തിക്കാതായിട്ട്് ഒരാഴ്ച കഴിഞ്ഞു. ഇത് എന്ന് നന്നാക്കുമെന്ന് ആശുപത്രി അധികൃതര്‍ക്ക് ഒരു നിശ്ചയവുമില്ല. ഇന്നലെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ എത്തിച്ച രണ്ട് രോഗികളെ ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചത് ബന്ധുക്കളും ജീവനക്കാരും ചുമന്ന് കൊണ്ടായിരുന്നു.
ഇന്നലെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്ന ഒരു രോഗിയെ അസുഖം മൂര്‍ച്ഛിച്ചതിനേ തുടര്‍ന്ന് മറ്റൊരു ആശുപത്രയില്‍ കൊണ്ടുപോകാന്‍ താഴെ എത്തിച്ചതും ചുമന്നാണ്. ആശുപത്രിയില്‍ ചികില്‍സയിലിരിക്കുന്ന രോഗികള്‍ മരിച്ചാല്‍ ചുമന്ന് കൊണ്ട് താഴെ ഇറക്കേണ്ടി വരുന്ന അവസ്ഥയാണ്. ഇത് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കും. ആറ് നിലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്ക് നിലവില്‍ രണ്ട് ലിഫ്റ്റുകളാണ് ഉള്ളത്.
ചെറിയ ലിഫ്റ്റ് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഉള്ളതാണ്. തകരിലായത് വലിയ ലിഫ്റ്റാണ്. ഒന്നാം നിലയില്‍ പ്രസവവാര്‍ഡും രണ്ടും മൂന്നും നാലും നിലകളില്‍ യഥാക്രമം സ്ത്രീകളുടെയും പുരുഷന്‍മാരുടെയും കുട്ടികളുടെയും വാര്‍ഡുകളാണ് പ്രവര്‍ത്തിക്കുന്നത്. അഞ്ചാം നിലയില്‍ ശസ്ത്രക്രിയ വിഭാഗവും ആറില്‍ തീവ്രപരിചരണ വിഭാഗവും പ്രവര്‍ത്തിക്കുന്നു. ലിഫ്റ്റ് സ്ഥാപിച്ച ശേഷം നിരവധി തവണയാണ് തകരാറിലായത്.
ആശുപത്രി കെട്ടിടം നിര്‍മിക്കുമ്പോള്‍ സ്ഥാപിച്ച ലിഫ്റ്റ് ഗുണമേന്മയില്ലാത്തതാണെന്ന് അന്ന് തന്നെ ആരോപണമുണ്ടായിരുന്നു. കരാറുകാരന്‍ ഗുണമേന്മ കുറഞ്ഞ പാര്‍ട്‌സുകള്‍ ഉള്ള ലിഫ്റ്റ്് സ്ഥാപിച്ചതാണ് ഇടയ്ക്കിടെ ലിഫ്റ്റ് തകരാറാവാന്‍ കാരണമെന്ന് രോഗികളും ജീവനക്കാരും പരാതിപ്പെട്ടിരുന്നു. നിലവില്‍ ലിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ രണ്ട് ഓപറേറ്റര്‍മാരാണുള്ളത്.
അഡ്മിറ്റ് ചെയ്യേണ്ട രോഗികള്‍ക്കും അവര്‍ക്ക് കൂട്ടനില്‍ക്കുന്ന പരിചാരകര്‍ക്കും മാത്രമല്ല സന്ദര്‍ശകര്‍ക്ക് പോലും ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ കൂടുതല്‍ ദുരിതമാണ് ഉണ്ടാക്കുന്നത്.
ഇപ്പോഴുള്ള തകരാറ് പരിഹരിക്കണമെങ്കില്‍ ഹൈദരാബാദില്‍ നിന്നും പുതിയ പാട്‌സ് കൊണ്ടുവരേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇതിന് ദിവസങ്ങള്‍ വേണ്ടിവരും. കഴിഞ്ഞ തവണയും ലിഫ്റ്റ് തകരാറായപ്പോള്‍ ഹൈദരാബാദില്‍ നിന്നാണ് പാട്‌സ് കൊണ്ടുവന്നത്.
കഴിഞ്ഞ തവണ 10 ദിവസത്തോളം ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. ആശുപത്രി വികസന സമിതി യോഗം ചേരുന്നുണ്ടെങ്കിലും ഇടയ്ക്കിടെ തകരാറിലാവുന്ന ലിഫ്റ്റിന്റെ കാര്യത്തില്‍ ആവശ്യമായ മുന്‍കരുതലോ പ്രശ്‌നം പരിഹരിക്കാനുള്ള നടപടിയോ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.

RELATED STORIES

Share it
Top