ജനറല്‍ ആശുപത്രിയില്‍ ദുരിതം തീരുന്നില്ല; ഭക്ഷണവും മരുന്നും സൂക്ഷിക്കുന്ന ബോക്‌സുകളില്‍ പാറ്റയും പല്ലിയും

കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ രോഗികളുടെ വാര്‍ഡുകളില്‍ സ്ഥാപിച്ച ഭക്ഷണങ്ങളും മരുന്നുകളും സൂക്ഷിക്കുന്ന ഇരുമ്പ് ബോക്‌സുകളില്‍ പാറ്റയുടെയും പല്ലികളുടെയും കൂടാരം.
ആശുപത്രിയിലെ ഒന്നുമുതല്‍ നാല് വരേയുള്ള പ്രസവവാര്‍ഡ്, പുരുഷ-സ്ത്രീകളുടെ വാര്‍ഡുകള്‍, കുട്ടികളുടെ വാര്‍ഡുകളില്‍ സ്ഥാപിച്ച ഇരുമ്പ് ബോക്‌സുകളിലാണ് പാറ്റകളും പല്ലികളും നിറഞ്ഞിരിക്കുന്നത്. രോഗികള്‍ക്ക് കൊടുക്കേണ്ട ഭക്ഷണങ്ങള്‍, മരുന്നുകള്‍ എന്നിവ സൂക്ഷിക്കുന്നതിനാണ് ഓരോ കട്ടിലിന് സമീപം ഇത് സ്ഥാപിച്ചിട്ടുള്ളത്. ഭക്ഷണം സൂക്ഷിച്ചാല്‍ മണിക്കൂറുകള്‍ക്കകം തന്നെ പാറ്റകളും പല്ലികളും ഇത് തിന്നാന്‍ എത്തുന്നതായി രോഗികള്‍ പരാതിപ്പെടുന്നു. ഏതാനും മാസം മുമ്പ് പൊവ്വല്‍ എല്‍ബിഎസ് എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ ആശുപത്രിയിലെ ഉപകരണങ്ങള്‍ ശുചീകരിക്കുന്നതിന്റെ ഭാഗമായി പെയിന്റ് ചെയ്ത് വൃത്തിയാക്കിയിരുന്നു. എന്നാല്‍ പലതും വീണ്ടും ദ്രവിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മിക്ക ബോക്‌സുകളിലും ഭക്ഷണവും മരുന്നും സൂക്ഷിക്കാന്‍ കഴിയുന്നില്ല.
രോഗികളും പരിചാരകരും കാര്യങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന് രോഗികള്‍ പരാതിപ്പെടുന്നു.

RELATED STORIES

Share it
Top