ജനറല്‍ ആശുപത്രിയില്‍ കുറഞ്ഞ ചെലവില്‍ റേഡിയേഷന്‍ സൗകര്യം

കാക്കനാട്: സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പ്രൊജക്ടിന്റെ ഭാഗമായി 78 കോടി രൂപ മുതല്‍ മുടക്കില്‍ പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, കാന്‍സര്‍ ബ്ലോക്ക്, 11 കെവി സബ്‌സ്‌റ്റേഷന്‍ എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനവും ലീനിയര്‍ ആക്‌സിലറേറ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനവും എന്‍എബിഎച്ച് സര്‍ട്ടിഫിക്കറ്റ് കൈമാറ്റവും ഏപ്രില്‍ അഞ്ചിന് വൈകീട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
മുന്‍ എംപി പി രാജീവാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സാരംഗത്തെ ഏറ്റവും നൂതനമായ ലീനിയര്‍ ആക്‌സിലറേറ്റര്‍ വാങ്ങുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടത്.
അദ്ദേഹത്തിന്റെ എംപി ഫണ്ടില്‍ നിന്നുള്ള ഒന്നര കോടി രൂപയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ്യസഭ എംപിമാരായ സി പി നാരായണന്‍, ഡോ. ബി ജയശ്രീ, മൃണാള്‍ മിറി, എച്ച് കെ ദുവ, ഡോ. അശോക് ഗാംഗുലി, കെ ടി എസ് തുള്‍സി, കെ പരാശരന്‍ എന്നിവരുടെയും ഷിപ്പ്‌യാര്‍ഡ്, ബിപിസിഎല്‍, സിന്തൈറ്റ് ഗ്രൂപ്പ്, കനറാ ബാങ്ക്, റോട്ടറി ക്ലബ്ബ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സഹായ സഹകരണത്തോടെ 13.7 കോടി രൂപ ചെലവിലാണ് ലീനിയര്‍ ആക്‌സിലറേറ്റര്‍ (ലിനാക്) സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് ലീനിയര്‍ ആക്‌സിലറേറ്റര്‍ സ്ഥാപിക്കുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് റേഡിയേഷന്‍ ചികിത്സ നല്‍കുന്നതിനുള്ള അത്യാധുനിക ഉപകരണമാണിത്. എറണാകുളത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ലിനാക് മെഷീന്‍ സ്ഥാപിക്കുന്നത് ജനറല്‍ ആശുപത്രിയിലാണ്.
റേഡിയേഷന്‍ ചികിത്സ നല്‍കുന്നതിനുള്ള കൊബാള്‍ട്ട് യൂണിറ്റ് ആശുപത്രിയില്‍ നിലവിലുണ്ട്. ഇതിനേക്കാള്‍ കൂടുതല്‍ കൃത്യതയോടെയും പാര്‍ശ്വഫലങ്ങള്‍ പരമാവധി കുറച്ചും റേഡിയേഷന്‍ ചെയ്യാന്‍ സാധിക്കുന്ന സംവിധാനമാണ് ലിനാക്. എറണാകുളത്ത് മൂന്ന് സ്വകാര്യ ആശുപത്രികളില്‍ മാത്രമുള്ള സംവിധാനമാണ് ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. മൂന്നാം തവണയും എന്‍എബിഎച്ച് അംഗീകാരം ലഭിക്കുന്ന ഏക സര്‍ക്കാര്‍ ആശുപത്രിയായി മാറുകയാണ് എറണാകുളം ജനറല്‍ ആശുപത്രി.
രണ്ട് ദേശീയ നിലവാരത്തിലുള്ള ചികിത്സാ സംവിധാനവും അന്തരീക്ഷവും നിലനിര്‍ത്തുന്നതിനാലാണ് അംഗീകാരം വീണ്ടും ലഭിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അനിതയും ആശുപത്രി വികസന സമിതി ഉപദേശക സമിതി അംഗം ഡോ. ജുനൈദ് റഹ്മാനും പറഞ്ഞു.
ഇന്‍കെലിനാണ് സൂപ്പര്‍സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണച്ചുമതല.  560 ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എംഎല്‍എ സ്വാഗതം ആശംസിക്കും. ജില്ല കലക്ടര്‍ കെ മുഹമ്മദ് വൈ. സഫീറുള്ള കിഫ്ബി റിപ്പോര്‍ട്ട് അവതരിപ്പിക്കും. മുന്‍ എംപി പി രാജീവ് ലീനിയര്‍ ആക്‌സിലറേറ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

RELATED STORIES

Share it
Top