ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് വീണ്ടും തകരാറിലായി; ആറാം നിലയില്‍ നിന്ന് മൃതദേഹം ചുമന്ന് താഴെയിറക്കി

കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും പരിചാരകര്‍ക്കുമുള്ള ലിഫ്റ്റ് വീണ്ടും തകരാറിലായി. ഇന്നലെയാണ് തകരാറിലായത്. ഇതോടെ രോഗികളും പരിചാരകരും വീണ്ടും ദുരിതത്തിലായി. ഇന്നലെ രാവിലെ ആശുപത്രിയിലെ ആറാം നിലയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗി മരണപ്പെട്ടിരുന്നു. മൃതദേഹം ബന്ധുക്കളും ആശുപത്രി ജീവനക്കാരും ചുമന്നാണ് താഴെയിറക്കിയത്.
കഴിഞ്ഞ മേയ് മാസം ലിഫ്റ്റ് തകരാറിലായതായിരുന്നു. ഒന്നര മാസത്തോളം ലിഫ്റ്റ് നന്നാക്കാന്‍ സമയമെടുത്തത്.ഹൈദരബാദിലുള്ള കമ്പനിയില്‍ നിന്ന് ലിഫ്റ്റിന്റെ തകരാറിലായ സ്‌പെയര്‍പാര്‍ട്‌സ് എത്തിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്തിരുന്നു. ഏതാനും ആഴ്ച പിന്നിട്ടപ്പോഴാണ് വീണ്ടും തകരാറിലായത്. ഇതോടെ അത്യാഹിത വിഭാഗത്തിലേക്കും ശസ്ത്രക്രിയ വിഭാഗത്തിലേക്കും രോഗികളെ എത്തിക്കാന്‍ ജീവനക്കാര്‍ ഏറെ പ്രയാസപ്പെടുന്നു. 2009 ല്‍ ഉദ്ഘാടനം ചെയ്ത പുതിയ കെട്ടിടത്തില്‍ ഏഴ് നിലകളാണ് പ്രവര്‍ത്തിക്കുന്നത്.
അഞ്ചും ആറും നിലകളിലാണ് ശസ്ത്രക്രിയ, അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആശുപത്രി കെട്ടിടത്തിന് റാംപ് സൗകര്യമില്ലാത്തതും രോഗികള്‍ക്കും പരിചാരകര്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ഡോക്ടര്‍മാര്‍ക്കുള്ള ചെറിയ ലിഫ്റ്റാണ് പ്രവര്‍ത്തിക്കുന്നത്. ലിഫ്റ്റ് ഇടയ്ക്കിടെ തകരാറിലാവുന്നത് ആശുപത്രി പ്രവര്‍ത്തനത്തെ തന്നെ കാര്യമായി ബാധിക്കുന്നുണ്ട്.

RELATED STORIES

Share it
Top