ജനറല്‍ ആശുപത്രിയിലെ പഴയ ഉപകരണങ്ങള്‍ നന്നാക്കാന്‍ എന്‍എസ്എസ് വിദ്യാര്‍ഥികള്‍

കാസര്‍കോട്: എല്‍ബിഎസ് എന്‍ജിനീയറിങ് കോളജ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ഇത്തവണയും ജനറല്‍ ആശുപത്രിയില്‍ എത്തി. പുനര്‍ജനി പദ്ധതിയുടെ ഭാഗമായാണ് കോളജിലെ 120ഓളം വിദ്യാര്‍ഥികള്‍ ആശുപത്രിയിലെ പഴയ ഉപകരണങ്ങള്‍ നന്നാക്കാനെത്തിയത്. ക്രിസ്മസ് അവധിക്കാല സഹവാസ ക്യാംപിന്റെ ഭാഗമായാണ് പ്രവര്‍ത്തനം.
ഉപയോഗശൂന്യമായി കിടക്കുന്ന ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍, കട്ടില്‍, മേശ, വീല്‍ചെയര്‍, സ്ട്രച്ചര്‍, ഫാന്‍, വൈദ്യുതി ഉപകരണങ്ങള്‍ തുടങ്ങി നിരവധി സാധനങ്ങളാണ് നന്നാക്കുന്നത്. ജനലുകള്‍ക്ക് പെയിന്റടിച്ചും തുടങ്ങിയിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഇവരുടെ സേവനം.
എന്‍എസ്എസ് പ്രോഗ്രം ഓഫിസര്‍മാരായ വി മഞ്്ജു, പി കെ കൃഷ്ണ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. വളന്ററിയര്‍ സെക്രട്ടറിമാരായ അമൃത, ഹിതേഷ്, ഇര്‍ഫാന്‍, ഹരിത എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് ടീമുകളായാണ് ഇവരുടെ പ്രവര്‍ത്തനം. ഇതിന്റെ ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് അവധിക്കാലത്തും കോളജ് എന്‍എസ്എസ് യുനിറ്റ് ആശുപത്രിയില്‍ എത്തി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

RELATED STORIES

Share it
Top