ജനറല്‍ ആശുപത്രിയിലെത്തുന്ന രോഗികളെ വലച്ച് വാഹന പാര്‍ക്കിങ് നിരക്ക്

തൃശൂര്‍: കോര്‍പ്പറേഷന്‍ ജനറല്‍ ആശുപത്രിയിലേക്കെത്തുന്ന രോഗികളെ വലച്ച് വാഹന പാര്‍ക്കിംഗ് നിരക്ക്. ഇരുചക്രവാഹനക്കാരില്‍ നിന്നടക്കം വാങ്ങുന്നത് അനുവദനീയമായതിലും ഇരട്ടിതുക.
പലവിധമായ ചികില്‍സകള്‍ക്കും സേവനങ്ങള്‍ക്കായും തൃശൂര്‍ ജനറല്‍ ആശുപത്രിയിലേക്കെത്തുന്ന സാധാരണക്കാരായ രോഗികളെ വലയ്ക്കുന്ന പ്രശ്‌നമായി മാറിയിരിക്കുകയാണ് ആശുപത്രി വളപ്പിലെ വാഹനപാര്‍ക്കിംഗ്. കോര്‍പ്പറേഷന്‍ ഭരണചുമതല ഏറ്റെടുത്ത് ആശുപത്രിയുടെ മുറ്റം ടൈല്‍പാകിയും ചുറ്റുമതില്‍ പുനര്‍നിര്‍മ്മിച്ചും നവീകരിച്ചിരുന്നു. ഇതോടെ ആശുപത്രിയിലേക്കെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സ്ഥലം ആവശ്യത്തിനു ലഭ്യമായി. നിശ്ചിത തുക വാങ്ങി പാര്‍ക്കിംഗ് അനുവദിക്കാന്‍ സ്വകാര്യ വ്യക്തിയെ ടെണ്ടര്‍ അടിസ്ഥാനത്തില്‍ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ക്ക് 5ഉം ഓട്ടോറിക്ഷകള്‍ക്ക് 10ഉം കാറുകള്‍ക്ക് 15 ഉം വീതമാണ് ആശുപത്രി കോമ്പൗണ്ടില്‍ 2 മണിക്കൂര്‍ പാര്‍ക്കിംഗിന് അനുവദിച്ചിട്ടുള്ള നിരക്ക്. രണ്ടു മണിക്കൂര്‍ കഴിഞ്ഞാല്‍ അമിത തുക നല്‍കേണ്ടിയും വരും. എന്നാല്‍ മിനിറ്റുകള്‍ മാത്രം പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് പാര്‍ക്കിംഗ് സമയത്തു തന്നെ ഇരട്ടിതുക വാങ്ങുന്നതായാണ് പരാതിയുയര്‍ന്നിരിക്കുന്നത്. മടങ്ങിവരുമ്പോള്‍ അധികമായി വാങ്ങുന്ന തുക ബില്ല് കാണിച്ചാല്‍ മടക്കി തരാമെന്ന് പറഞ്ഞാണ് പാര്‍ക്കിംഗ് ഫീസ് വാങ്ങുന്നത്. പക്ഷേ മിക്കപ്പോഴും ഈ തുക മടക്കി കിട്ടാറില്ലെന്നും ചോദിച്ചാല്‍ ഒഴിഞ്ഞുമാറുകയാണ് പതിവെന്നും ആക്ഷേപമുണ്ട്. ബില്ലില്‍ പാര്‍ക്കിംഗ് സമയവും രേഖപ്പെടുത്താറില്ല.
ദിവസേന നിരവധി വാഹനങ്ങളാണ് ആശുപത്രിയിലേക്കെത്തുന്നത്. ഇവരില്‍ നിന്നെല്ലാം ഇത്തരത്തില്‍ അമിത നിരക്ക് ഈടാക്കുന്നതു വഴി ദിനംപ്രതി പാര്‍ക്കിംഗ് ഇനത്തില്‍ മാത്രം കരാറുകാരന് ലഭ്യമാകുന്നത് വന്‍തുകയാണ്. സാധാരണക്കാരെ പകല്‍കൊള്ള നടത്തുകയാണിവര്‍. ഇതിനെതിരെ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ക്കും ആശുപത്രി സൂപ്രണ്ടിനും വിഷയം ചൂണ്ടിക്കാട്ടി സ്വകാര്യ വ്യക്തി പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം ആശുപത്രിയാവശ്യങ്ങള്‍ക്കല്ലാതെ സമീപത്തെ സ്വകാര്യ സ്ഥാപന ഉടമകളും ജീവനക്കാരും മറ്റാവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്നവരും അനധികൃതമായി ആശുപത്രി വളപ്പില്‍ വാഹനം പാര്‍ക്ക് ചെയ്തു പോകുന്നത് തടയാനാണ് ഇത്തരത്തില്‍ മടക്കി നല്‍കാമെന്ന വ്യവസ്ഥയില്‍ ഇരട്ടി നിരക്ക് ഈടാക്കുന്നതെന്ന വിചിത്രവാദമാണ് കരാറുകാര്‍ മുന്നോട്ടുവെയ്ക്കുന്നത്. എന്നാല്‍ ഇതിനെ മറ്റു പോംവഴികള്‍ ഉണ്ടെന്നിരിക്കെയാണ് സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ജനറല്‍ ആശുപത്രിയിലെ വാഹന പാര്‍ക്കിംഗിന്റെ പേരിലുള്ള ഈ പകല്‍കൊള്ള നടക്കുന്നത്.

RELATED STORIES

Share it
Top