ജനരോഷത്തെ ഭയപ്പെടുന്നതെന്തിന്?

അജ്മല്‍ ഇസ്മാഈല്‍
1925ല്‍ ആര്‍എസ്എസ് ഇന്ത്യയില്‍ കുടം തുറന്നുവിട്ട ഹിന്ദുത്വ ഭീകരത മനുഷ്യത്വത്തിന്റെ എല്ലാ അതിരുകളും ലംഘിച്ചു മുന്നോട്ടുപോവുകയാണ്. സംഘപരിവാരത്തിന്റെ ഹിംസാത്മക പ്രത്യയശാസ്ത്രം ഉല്‍പാദിപ്പിക്കുന്ന മുസ്‌ലിം-ക്രൈസ്തവ വിരുദ്ധത എത്രത്തോളം പൈശാചികമാണെന്ന് തെളിയിക്കുന്ന അനവധി സമീപകാല ഉദാഹരണങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ജമ്മുവിലെ കഠ്‌വയില്‍ നടന്ന എട്ടു വയസ്സുകാരിയുടെ ദാരുണമായ കൊല.
രസാന ഗ്രാമത്തിലെ ബക്കര്‍വാല മുസ്‌ലിം സഞ്ചാരിവിഭാഗത്തില്‍പ്പെട്ട കുട്ടിയെ കഴിഞ്ഞ ജനുവരി 10നാണ് കാണാതായത്. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ജനുവരി 17നാണ് ഹിന്ദുത്വ ഭീകരര്‍ പിച്ചിച്ചീന്തിയ കുട്ടിയുടെ മൃതദേഹം ഉള്‍വനത്തില്‍ കണ്ടെത്തിയത്. അവള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. കാലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു. ദേഹമാസകലം ക്രൂരമായ ആക്രമണത്തിനു വിധേയമായതിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നു.
ജനുവരിയില്‍ തന്നെ ദേശീയ മാധ്യമങ്ങളിലടക്കം അതേക്കുറിച്ച് ഒറ്റപ്പെട്ട വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും രാജ്യം ഞെട്ടിയില്ല. നീതിക്കു വേണ്ടി തെരുവുകള്‍ പ്രക്ഷുബ്ധമായില്ല. സാമൂഹിക മാധ്യമങ്ങളില്‍ രോഷപ്രകടനം ഉണ്ടായില്ല. കാരണം, കശ്മീരില്‍ നിന്നുള്ള പതിവു വാര്‍ത്തകളില്‍ ഒന്നു മാത്രമായിരുന്നു അത്. ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരായ, ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി കശ്മീരി പെണ്‍കുട്ടികളില്‍ ഒരുവള്‍ മാത്രമായിരുന്നു അവള്‍. അവള്‍ അത് അര്‍ഹിക്കുന്നുവെന്ന മട്ടില്‍ നമ്മുടെ പൊതുബോധം നിസ്സംഗത പാലിച്ചു.
ഇഴഞ്ഞുനീങ്ങിയ അന്വേഷണം ഊര്‍ജിതമാവാന്‍ ബക്കര്‍വാല സമുദായത്തിന്റെ പ്രതിഷേധം പ്രക്ഷോഭത്തിലേക്ക് വഴിമാറേണ്ടിവന്നു. സാക്ഷികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് പിഞ്ചുബാലികയ്ക്ക് നേരിടേണ്ടിവന്ന അതിക്രൂരമായ പീഡനത്തിന്റെ വിശദാംശങ്ങള്‍ പുറംലോകം അറിയുന്നത്. കുരുന്നുകളെ പോലും വെറുതെ വിടാത്ത അന്ധമായ വംശവെറിക്കെതിരേ രാജ്യമെമ്പാടും ആളിപ്പടര്‍ന്ന പ്രതിഷേധ ജ്വാല ഇനിയും അടങ്ങിയിട്ടില്ല.
സമൂഹത്തിന്റെ നാനാമേഖലയില്‍ നിന്നുള്ളവര്‍ ഫാഷിസത്തിന്റെ കൊടുംക്രൂരതയ്‌ക്കെതിരേ തങ്ങളാലാവുംവിധം രംഗത്തുവരുകയും അവരുടെ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. പ്രതിഷേധം തെരുവിലേക്കിറങ്ങുന്ന കാഴ്ചയാണ് രാജ്യം ദര്‍ശിച്ചത്. ഓണ്‍ലൈന്‍-ദൃശ്യ-അച്ചടിമാധ്യമങ്ങള്‍ ഒരുപോലെ വിഷയം ഏറ്റെടുത്തതോടെ പ്രതിഷേധം രാജ്യത്താകെ കത്തിപ്പടര്‍ന്നു. തീവ്രഹിന്ദുത്വവാദികള്‍ ഒഴികെയുള്ള രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരസ്യമായിത്തന്നെ അരുംകൊലയ്‌ക്കെതിരേ രംഗത്തെത്തി.
പിതാവും മകനും മരുമകനും സ്‌പെഷ്യല്‍ ഓഫിസര്‍ മുതല്‍ സാധാരണ കോണ്‍സ്റ്റബിള്‍ വരെയുള്ള പോലിസുകാരും ഉള്‍പ്പെട്ട എട്ടംഗ ഭീകരസംഘം എട്ടു ദിവസം ഒരു കുരുന്നുജീവനോട് ചെയ്ത തുല്യതയില്ലാത്ത ക്രൂരതകള്‍ക്കെതിരായ വികാരവിക്ഷോഭങ്ങളായിരുന്നു എവിടെയും. പൊതുവിലുണ്ടായ അതിതീവ്രമായ പ്രതികരണങ്ങളാണ് നാട്ടിലെ യുവജനങ്ങളെ പ്രചോദിപ്പിച്ചത്. ഹിന്ദുത്വഫാഷിസത്തിനെതിരായ പൊതുവികാരമായി അതു രൂപപ്പെടുകയും രാഷ്ട്രീയത്തിനും മതത്തിനും അതീതമായ കൂട്ടായ്മകള്‍ക്ക് ഇടമൊരുക്കുകയും ചെയ്തു.
എന്നാല്‍, യുവമനസ്സുകളില്‍ രൂപപ്പെട്ട ധര്‍മരോഷത്തെ പൊതുവായ ഒരു ഫാഷിസ്റ്റ് വിരുദ്ധ ചേരിയിലേക്ക് ഏകോപിപ്പിക്കാനും ആര്‍എസ്എസിനും ബിജെപിക്കുമെതിരായ ജനകീയ മുന്നേറ്റമായി രൂപപ്പെടുത്താനും ഉത്തരവാദിത്തം മറന്ന കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു കഴിയാതെപോയി. അതുകൊണ്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ ഹര്‍ത്താല്‍ ആഹ്വാനം ഉണ്ടായതും കേരളത്തിലെ യുവജനങ്ങളില്‍ ഒരു വിഭാഗം അതിനെ തെരുവില്‍ ഏറ്റെടുക്കാന്‍ തയ്യാറായതും. അതില്‍ സിപിഎം, മുസ്‌ലിംലീഗ്, കോണ്‍ഗ്രസ് സംഘടനകളില്‍ പ്രവര്‍ത്തിച്ചവര്‍ ഏറെയുണ്ടായിരുന്നു.
ഐക്യത്തോടെ എതിര്‍ക്കപ്പെടേണ്ട ഹിന്ദുത്വ ഫാഷിസം എന്ന മുഖ്യ അജണ്ടയെ സൗകര്യപൂര്‍വം മാറ്റിവച്ചുകൊണ്ട് ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ പിതൃത്വത്തെക്കുറിച്ചും പൊതുമുതല്‍ സംരക്ഷണത്തിന്റെ ധാര്‍മികതയെ കുറിച്ചുമുള്ള രാഷ്ട്രീയ കസര്‍ത്തുകള്‍ അരങ്ങുവാഴുന്നതാണ് പിന്നീട് കേരളം കണ്ടത്.
തങ്ങളുടെ അംഗീകാരവും ആശീര്‍വാദവുമില്ലാത്ത സകല സമരങ്ങള്‍ക്കും തീവ്രവാദപ്പട്ടം ചാര്‍ത്തി നല്‍കുന്ന സിപിഎമ്മിന്റെ പിന്തിരിപ്പന്‍ നിലപാട് ഇക്കാര്യത്തിലും ആവര്‍ത്തിച്ചു. ക്ഷേത്രത്തിനുള്ളില്‍ വച്ച് ഹിന്ദുത്വ തീവ്രവാദികള്‍ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിഷ്ഠുര കൃത്യത്തിന് മതത്തിന്റെ പരിവേഷം ചാര്‍ത്തി നല്‍കാന്‍ ഇനിയും തയ്യാറാവാത്ത സിപിഎം നേതൃത്വത്തിന്, അതിനെതിരേ നടന്ന ഹര്‍ത്താലിനു മേല്‍ മുസ്‌ലിം തീവ്രവാദം ആരോപിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. പിണറായി വിജയന്‍ നിയന്ത്രിക്കുന്ന പോലിസ് അതില്‍ എസ്ഡിപിഐക്കാര്‍ ഉണ്ടെന്നു പെട്ടെന്നു കണ്ടുപിടിച്ചു. എന്നാല്‍, അറസ്റ്റ് ചെയ്യപ്പെട്ട ആയിരത്തോളം പേരില്‍ അവരായിരുന്നില്ല കൂടുതല്‍.
ഫാഷിസത്തിനെതിരേ രൂപപ്പെട്ടുവരുന്ന ചെറിയ കൂട്ടായ്മകള്‍ക്കു പോലും രാഷ്ട്രീയോര്‍ജം നല്‍കേണ്ട അനിവാര്യമായ ഘട്ടത്തില്‍ അത്തരം നീക്കങ്ങള്‍ക്കെതിരേ പുകമറ സൃഷ്ടിച്ച് ആര്‍എസ്എസിനും ബിജെപിക്കും പുത്തനുണര്‍വ് നല്‍കാനുള്ള സാഹചര്യം ഒരുക്കാനാണ് കേരളത്തിലെ ഇരുമുന്നണികളും ഒരേപോലെ ശ്രമിച്ചത്. മുസ്‌ലിംലീഗ് നേതാക്കള്‍ക്ക് അപ്പോള്‍ 1992 വരെ ഓര്‍മ വന്നു.
നാഥനില്ലെന്ന് ആക്ഷേപിക്കപ്പെടുന്ന ഹര്‍ത്താലിന്റെ പിതൃത്വത്തില്‍ നിന്ന് കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിനും മറ്റ് സംഘടനകള്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. കഠ്‌വ വിഷയത്തില്‍ ഓരോ പ്രസ്ഥാനങ്ങളുടെയും നേതാക്കളുടെയും ഭാഗത്തു നിന്നുണ്ടായ പ്രതികരണങ്ങളും പ്രസ്താവനകളും അത്രത്തോളം തീവ്രമായിരുന്നു. ഈ വിഷയത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ എസ്ഡിപിഐ തീരുമാനിച്ചിട്ടില്ല. സ്വന്തം പേരില്‍ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും പ്രഖ്യാപിക്കാനും അത് നടത്താനും ആര്‍ജവമുള്ള പാര്‍ട്ടിയാണ് എസ്ഡിപിഐ.
അതേയവസരം കേരളത്തിലെ യുവജനങ്ങള്‍ ഹര്‍ത്താലിലൂടെ പ്രകടിപ്പിച്ച പ്രതിഷേധം തള്ളിപ്പറഞ്ഞ് ഒറ്റപ്പെടുത്തേണ്ട ഒന്നായി പാര്‍ട്ടി കാണുന്നില്ല. മാത്രമല്ല, അത് കേരളത്തിലെ സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രകടിപ്പിച്ച നിസ്സംഗതയ്‌ക്കെതിരായ പ്രതിഷേധം കൂടിയാണെന്ന കാര്യം അവഗണിക്കാവുന്നതല്ല.
ഹിന്ദുത്വ ഭീകരതയ്‌ക്കെതിരായി തെരുവുകളില്‍ ജനകീയ മുന്നേറ്റം രൂപംകൊള്ളുമ്പോള്‍ കൊടിയുടെ നിറവും പാര്‍ട്ടിയുടെ പേരും തിരഞ്ഞ് അതിനെ നിര്‍വീര്യമാക്കുകയല്ല, മറിച്ച്, ഫാഷിസത്തിനെതിരേ പൊതുബോധം സൃഷ്ടിച്ചെടുക്കാനുള്ള അവസരങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാനുള്ള ദീര്‍ഘവീക്ഷണവും ചടുലമായ നിലപാടുകളുമാണ് ഉണ്ടാവേണ്ടത്.
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കഠ്‌വ വിഷയത്തില്‍ ഉണ്ടായ യുവജന രോഷത്തിനെതിരേ പൊതുവികാരം ഇളക്കിവിടാന്‍ ആര്‍എസ്എസ് കേന്ദ്രങ്ങള്‍ പടച്ചുവിട്ട പ്രചാരണങ്ങള്‍ ഒരു വിഭാഗം മാധ്യമങ്ങളും മുന്നണി നേതാക്കളും ഏറ്റെടുക്കുകയായിരുന്നു. കേരളത്തില്‍ ഹര്‍ത്താലും അതോടനുബന്ധിച്ചുള്ള അനിഷ്ടസംഭവങ്ങളും ആദ്യമല്ല. കഠ്‌വ വിഷയത്തില്‍ നടത്തിയ ഹര്‍ത്താലില്‍ എല്ലാ പാര്‍ട്ടികളിലും മതങ്ങളിലും പെട്ടവര്‍ ഉണ്ടായിട്ടും അതിനു മേല്‍ മുസ്‌ലിം സ്വത്വം അടിച്ചേല്‍പിക്കാനുള്ള ആര്‍എസ്എസ് താല്‍പര്യത്തിന്റെ പ്രചാരകരായി രാഷ്ട്രീയ നേതാക്കള്‍ അധഃപതിക്കുകയായിരുന്നു.
മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് കള്ളക്കേസില്‍ കുടുക്കുകയും അറസ്റ്റ് ചെയ്യുകയുമാണ് പോലിസ്. കേരളീയ പൊതുബോധം ആര്‍എസ്എസിനെതിരേ തിരിയുന്നതിനെതിരേ മുന്നണി രാഷ്ട്രീയത്തിനുള്ളില്‍ ഉണ്ടാവുന്ന വേവലാതികളാണ് ഇത്തരം നിലപാടുകളിലൂടെ പ്രതിഫലിക്കുന്നത്. ആര്‍എസ്എസിനെതിരായ പൊതുവികാരത്തെ ഐസ്‌കട്ട വച്ചു തണുപ്പിക്കാവുന്നതല്ല.                    ി

(എസ്ഡിപിഐ കേരള സംസ്ഥാന
ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍.)

RELATED STORIES

Share it
Top