ജനപ്രതിനിധിയും വക്കീലും

ഒരാള്‍ക്ക് ഒരേസമയം ജനപ്രതിനിധിയും അഭിഭാഷകനുമായി പ്രവര്‍ത്തിക്കാനാവുമോ? ഇതുസംബന്ധമായി സുപ്രിംകോടതിയുടെ മുന്നില്‍ വന്നിട്ടുള്ള പൊതുതാല്‍പര്യ ഹരജിയില്‍ വിധിയുണ്ടായാല്‍ പൊതുസമൂഹത്തിന് ചര്‍ച്ചചെയ്യാതിരിക്കാനാവില്ല. എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയ ജനപ്രതിനിധികള്‍ക്ക് ഒന്നുകില്‍ ആ സ്ഥാനങ്ങള്‍ രാജിവയ്‌ക്കേണ്ടിവരും; അല്ലെങ്കില്‍ അഭിഭാഷകവൃത്തി ഉപേക്ഷിക്കേണ്ടിവരും.
ഒരാള്‍ തന്നെ അഭിഭാഷകന്റെയും ജനപ്രതിനിധിയുടെയും ഇരട്ടിപ്പണി ചെയ്യുന്നത് നിരോധിക്കണമെന്നാണ് ഹരജി ആവശ്യപ്പെടുന്നത്. എംപിമാരും എംഎല്‍എമാരും പൊതുഖജാനയില്‍ നിന്ന് ശമ്പളം പറ്റുന്ന നിയമനിര്‍മാതാക്കളാണ്. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ ജീവനക്കാരാണ്. ഒരു അഭിഭാഷകന്‍ സര്‍ക്കാരിന്റെയോ മറ്റേതെങ്കിലും സ്ഥാപനത്തിന്റെയോ പ്രതിഫലം പറ്റുന്ന ജീവനക്കാരനായിരിക്കുന്നതിനെ ബാര്‍ അസോസിയേഷന്‍ ചട്ടങ്ങള്‍ വിലക്കുന്നുണ്ട്.
മാത്രമല്ല, ജനപ്രതിനിധി എന്ന നിലയില്‍ ദൃശ്യമാധ്യമങ്ങളിലും മറ്റും ലഭിക്കുന്ന പരസ്യങ്ങള്‍ അഭിഭാഷകവൃത്തിയെ ബാധിക്കുമെന്നും ഹരജിക്കാരന് അഭിപ്രായമുണ്ട്. മറ്റൊരു പ്രധാന കാര്യം കൂടി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു: സര്‍ക്കാര്‍ പ്രതിഫലം വാങ്ങുന്നയാള്‍ എന്ന നിലയില്‍ ഒരു ജനപ്രതിനിധിക്ക് ഗവണ്‍മെന്റിനെതിരേ കോടതിയില്‍ ഹാജരാവേണ്ടിവന്നാല്‍ നീതിപൂര്‍വം തന്റെ ജോലി ചെയ്യാനാവാതെ വരാം. ചുരുക്കത്തില്‍ ഈ ഇരട്ടിപ്പണി ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നീ രംഗങ്ങളെ ദൂഷിതമാക്കും. ഹരജിയെക്കുറിച്ച് ഒരു തീരുമാനമെടുക്കേണ്ടിവന്നാല്‍ പരമോന്നത നീതിപീഠത്തിന് രണ്ടു തൊഴിലുകളുമായും ബന്ധപ്പെട്ട പല സങ്കല്‍പങ്ങളെയും പുനര്‍നിര്‍വചിക്കേണ്ടിവരുമെന്നു തീര്‍ച്ച.

RELATED STORIES

Share it
Top