ജനപക്ഷത്തു നില്‍ക്കുന്നത് പിണറായി സര്‍ക്കാരിനെ പ്രകോപിപ്പിക്കുന്നു: ജലീല്‍ സഖാഫി

വടകര: ജനപക്ഷത്ത് നില്‍ക്കുന്നത് പിണറായി സര്‍ക്കാരിനെ പ്രകോപിപ്പിക്കുന്നുണ്ടെന്നും അത് കൊണ്ടാണ് രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ പോലിസിനെ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറി ജലീല്‍ സഖാഫി. എന്നാല്‍ അത്തരം ജനപക്ഷ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ എന്നും എസ്ഡിപിഐ ഉണ്ടാവും. പാര്‍ട്ടിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന രീതിയില്‍ പോലിസിനെ ഉപയോഗിച്ച് സിപിഎം പ്രവര്‍ത്തിക്കുമ്പോള്‍, അവര്‍ വന്ന വഴി മറക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാജാസ് കോളജ് സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തുടനീളം പോലിസ് നടത്തിക്കൊണ്ടിരിക്കുന്ന തേര്‍വാഴ്ച അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലിക്ക് ശേഷം നടന്ന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളാണ് സിപിഎം. ടി പി ചന്ദ്രശേഖരന്റെ വധത്തിലും, തലശ്ശേരി ഫസല്‍ വധത്തിലും വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചവരാണ് എസ്ഡിപിഐ ആണ് വര്‍ഗീയത സൃഷ്ടിക്കുന്നതെന്ന് പറയുന്നത്. ഇത് തികച്ചും അപഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റിദ്ധാരണ പറഞ്ഞ് പരത്തി ഫാഷിസ്റ്റ് ശൈലിയാണ് സിപിഎം പ്രയോഗിക്കുന്നതെന്ന് വടകര മണ്ഡലം പ്രസിഡന്റ് സാലിം അഴിയൂര്‍ പറഞ്ഞു. സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതോടൊപ്പം മനുഷ്യത്വ രഹിതമായ കൊലകള്‍ നടത്തിയ പാര്‍ട്ടിയാണ് സിപിഎം. പോലിസിനെ നിയന്ത്രിക്കാന്‍ കഴിയാത്ത ആഭ്യന്തര മന്ത്രിയായ പിണറായി വിജയന്റെ ഭരണം കേരളത്തിന് ശാപമായി തീരുകയാണ്.
കാടത്തമായ പോലിസിന്റെ പ്രവൃത്തിയിലൂടെ നിരവധി ജീവനുകളാണ് കേരളത്തിന്റെ മണ്ണില്‍ ഈ അടുത്തകാലത്തായി ഇല്ലാതായതെന്നും, മുന്‍കാല ചരിത്രത്തെ ഉള്‍ക്കൊള്ളാന്‍ സിപിഎമ്മിന് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ സെക്രട്ടറി സി പി മുഹമ്മദലി, വടകര മണ്ഡലം സെക്രട്ടറി സവാദ് വടകര സംസാരിച്ചു. അടക്കാതെരുവ് ജങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം മാര്‍ക്കറ്റ് റോഡ്, പഴയ ബസ് സ്റ്റാന്റ് വഴി പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. പ്രകടനത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രകടനത്തിന് ജില്ലാ വൈസ് പ്രസിഡന്റ് വാഹിദ് ചെറുപ്പറ്റ, റസാക്ക് മാക്കൂല്‍, ടി പി മുഹമ്മദ്, നജീബ് അത്തോളി, ആര്‍എം റഹീം മാസ്റ്റര്‍, കബീര്‍ തിക്കോടി, കെ വി പി ഷാജഹാന്‍, ഷംസീര്‍ ചോമ്പാല്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top