ജനനേന്ദ്രിയം മുറിച്ച സംഭവം: മലക്കംമറിഞ്ഞ് പെണ്‍കുട്ടിതിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് പെണ്‍കുട്ടിയുടെ പുതിയ വെളിപ്പെടുത്തല്‍. സ്വാമിയുടെ ജനനേന്ദ്രിയം താന്‍ മുറിച്ചെന്ന മൊഴി പോലിസ് കെട്ടിച്ചമച്ചതാണെന്ന ഗുരുതര ആരോപണവുമായാണ് പെണ്‍കുട്ടി രംഗത്തെത്തിയിരിക്കുന്നത്. ഗംഗേശാനന്ദയുടെ അഭിഭാഷകന് അയച്ച കത്തിലാണ് പെണ്‍കുട്ടിയുടെ പുതിയ വെളിപ്പെടുത്തല്‍. സ്വാമിക്കെതിരേ ഗൂഢാലോചന നടത്തിയത് തനിക്കും കുടുംബത്തിനും അറിയാവുന്ന അയ്യപ്പദാസ് എന്നയാളും കൂട്ടാളികളും ചേര്‍ന്നാണെന്ന് കത്തില്‍ യുവതി വ്യക്തമാക്കുന്നു. കുട്ടിക്കാലം മുതല്‍ വീടുമായി അടുപ്പമുള്ള സ്വാമി ഒരിക്കലും പീഡിപ്പിച്ചിട്ടില്ലെന്നും കത്തിലുണ്ട്. ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷയ്‌ക്കൊപ്പം യുവതിയുടെ വെളിപ്പെടുത്തലുള്ള കത്തും കോടതി ഫയലില്‍ സ്വീകരിച്ചു. ഗൂഢാലോചനയുടെ ഭാഗമായി സമീപവാസിയായ എഡിജിപി ബി സന്ധ്യയുമായി ബന്ധപ്പെടാനും കാര്യങ്ങള്‍ പറയാനും അയ്യപ്പദാസ് പറഞ്ഞിരുന്നു. സംഭവദിവസം ഗംഗേശാനന്ദയുടെ നിലവിളി കേട്ട് താന്‍ വീടിനു പുറത്തക്കോടുകയായിരുന്നുവെന്ന് പറയുന്ന പെണ്‍കുട്ടി, കൃത്യം നടത്തിയത് ആരാണെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടില്ല. സംഭവം നടന്നപ്പോള്‍ ഭയന്ന താന്‍ ആദ്യം എഡിജിപി ബി സന്ധ്യയുടെ വീട്ടിലെത്തിയെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് പോലിസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചത്. പിന്നീട് മൊഴി പല തവണ പോലിസ് തിരുത്തിയെഴുതി. മൊഴി അംഗീകരിക്കാന്‍ പോലിസ് തന്നെ പല തവണ നിര്‍ബന്ധിച്ചതായും പെണ്‍കുട്ടി കത്തില്‍ പറയുന്നു. അതേസമയം, കത്തിന്റെ വിശ്വാസ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നു സ്വാമിയുടെ അഭിഭാഷകന്‍ ശാസ്തമംഗലം അജിത് വ്യക്തമാക്കി.

RELATED STORIES

Share it
Top