ജനതാദള്‍ (യു) മൂന്നായി

കോഴിക്കോട്: യുഡിഎഫ് വിട്ടതോടെ ജനതാദള്‍ യു മൂന്നായി. ഒരു വിഭാഗം വീരേന്ദ്രകുമാറിനൊപ്പം ഇടതുമുന്നണിയിലേക്ക് പോയപ്പോള്‍ അതിനോട് വിയോജിച്ചവര്‍ യുഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇതോടെയാണ് ജെഡിയു മൂന്നായത്.
നേരത്തെ നിതീഷ് കുമാറിന്റെ എന്‍ഡിഎ പ്രവേശനത്തോട് വീരേന്ദ്രകുമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ തന്നെ ജെഡിയു രണ്ടായി പിളര്‍ന്നിരുന്നു. അന്ന് എ എസ് രാധാകൃഷ്ണനെ ജനതാദള്‍ യുനൈറ്റഡിന്റെ സംസ്ഥാന പ്രസിഡന്റായി ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു.
ഇല്ലാത്ത പാര്‍ട്ടിയുടെ പേരില്‍ വ്യാജമായി കൊടി ഉപയോഗിക്കുകയാണ് എംപി വീരേന്ദ്രകുമാറെന്നാണ് ഈ വിഭാഗത്തിന്റെ ആരോപണം. യുഡിഎഫിനൊപ്പം വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ ഭരിച്ചുകൊണ്ടിരിക്കുന്നവരാണ് വീരേന്ദ്രകുമാറിന്റെ ഇടതുമുന്നണി പ്രവേശനത്തിന് എതിരായി പുതിയ ഗ്രൂപ്പായി രംഗത്തുവന്നത്. ഐക്യമുന്നണി വിട്ടത് പാര്‍ട്ടിയുടെ ഏകകണ്ഠമായ തീരുമാന പ്രകാരമല്ലെന്നാണ് ഇവരുടെ ആരോപണം.
ജില്ലാ നേതാക്കളോടു പോലും ആലോചിക്കാതെയാണ് മുന്നണി വിടാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ പറയുന്നു. നേരത്തെ വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവയ്ക്കുമ്പോള്‍ സംസ്ഥാന നേതൃത്വത്തോട് പോലും ആലോചിച്ചില്ലെന്നും ഇവര്‍ക്ക് പരാതിയുണ്ടായിരുന്നു. ഇടതുമുന്നണി വീരേന്ദ്രകുമാറിന് എംപി സ്ഥാനം നല്‍കാന്‍ തീരുമാനിച്ചതോടെ ഇവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഒന്നുകൂടി ശക്തമാക്കി.
ഇതിന്റെ ഭാഗമായി ജില്ലകളില്‍ കണ്‍വന്‍ഷനുകള്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. നിതീഷ് കുമാറിനെ അനുകൂലിക്കുന്ന വിഭാഗവും കണ്‍വന്‍ഷനുകള്‍ നടത്തി ശക്തി തെളിയിക്കാനുള്ള ഒരുക്കത്തിലാണ്.
ഇന്നലെ കോഴിക്കോട്ട് നടന്ന ഈ വിഭാഗത്തിന്റെ ജില്ലാ കണ്‍വന്‍ഷനില്‍ ജനതാദള്‍ യൂനൈറ്റഡ് ദേശീയ ജനറല്‍ സെക്രട്ടറി അഫാഖ് അഹ്മദ് ഖാന്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു.

RELATED STORIES

Share it
Top