ജനതാദള്‍ (യു) പിളര്‍ന്നു;യുഡിഎഫ് അനുകൂലികളുടെ സംസ്ഥാന ജാഥ തുടങ്ങി

കാസര്‍കോട്:യുഡിഎഫ് മുന്നണി വിട്ട എംപി വീരേന്ദ്രകുമാറിന്റെ നടപടിയെ തുടര്‍ന്ന് ജനതാദള്‍(യു)പിളര്‍ന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ അഡ്വ. ജോണ്‍ ജോണിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ജനതാദള്‍ (യു.ഡി.എഫ് വിഭാഗം) എന്ന പേരിലാണ് പുതിയ പാര്‍ട്ടി രൂപം കൊണ്ടിരിക്കുന്നത്.  അഡ്വ. ജോണ്‍ ജോണ്‍ ആണ് പുതിയ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ്.പാര്‍ട്ടിയുടെ ആശയപ്രചാരണത്തിന്റെ ഭാഗമായി കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടക്കുന്ന ജെ.പി, ലോഹ്യ ജനതാ സന്ദേശ യാത്രക്ക് ഇന്ന് രാവിലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് തുടക്കമായി. ഇന്നുമുതല്‍ ഫെബ്രുവരി 20 വരെയാണ് സന്ദേശയാത്ര.വീരേന്ദ്ര കുമാറിന്റെ അവസാരവാദ രാഷ്ട്രീയത്തെ 14 ജില്ലകളിലും തുറന്ന് കാട്ടാനും യു.ഡി.എഫ് വിടേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനുമാണ് സന്ദേശയാത്ര നടത്തുന്നതെന്നു യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ.ജോണ്‍ ജോണ്‍ പറഞ്ഞു.
ജനതാദള്‍ (യു) സംസ്ഥാന സെക്രട്ടറിമാരായിരുന്ന പ്രൊഫസര്‍ ജോസ് ജോര്‍ജ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പി സെബാസ്റ്റ്യന്‍, എം.എം കബീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടിയുടെ രൂപീകരണം നടന്നിരിക്കുന്നത്. ദീര്‍ഘ ചതുരാകൃതിയിലുള്ള പതാകയ്ക്ക് മുകളിലും താഴെയും ഹരിത വര്‍ണ്ണവും നടുവില്‍ വെള്ളയുമാണ് നിറങ്ങള്‍. വെള്ള നിറത്തില്‍ ശരത്തിന്റെ ചിഹ്നവും പതിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top