ജനതയുടേതല്ല, ഭരിക്കുന്നവരുടെ ജനാധിപത്യമാണ് ഇന്ത്യയില്‍: ബി രാജീവന്‍

കോഴിക്കോട്: പൗരസമൂഹം തുടക്കത്തിലേ വിസ്മരിക്കപ്പെട്ട ഭരണഘടനയ്ക്കു കീഴിലാണ് ഇന്ത്യ മുന്നോട്ടുനീങ്ങുന്നതെന്നും, വിരലിലെണ്ണാവുന്നവരുടെ കൈയിലേക്ക് സമ്പത്ത് കേന്ദ്രീകരിക്കപ്പെട്ടതുപോലെ ഭരണഘടനയും ചിലരിലേക്കു മാത്രം കേന്ദ്രീകരിക്കപ്പെട്ടെന്നും രാഷ്ട്രീയ ചിന്തകന്‍ പ്രഫ. ബി രാജീവന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി 'ഭരണഘടന വിസ്മരിക്കപ്പെടുന്നു' എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു രാജീവന്‍. ഭരണഘടനയെ നാടു ഭരിക്കാനുള്ള പുസ്തകമായി കാണുന്ന സമീപനം മാറണം. നിരവധി വ്യക്തികളുടെ സമര്‍പ്പണവും തുറന്ന വാദപ്രതിവാദങ്ങളുമാണ് ഭരണഘടനയെ യാഥാര്‍ഥ്യമാക്കിയത്. സമരം ചെയ്ത മനുഷ്യരുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ് ഭരണഘടന. ഭരണകൂടങ്ങളിലൂടെ, അവരെ നിയന്ത്രിക്കുന്ന കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങളിലൂടെ ഉള്‍ക്കാമ്പ് നഷ്ടപ്പെട്ട ഭരണഘടന, സംഘപരിവാരകാലത്ത് പുറംചട്ടയും ഘടനയും നഷ്ടപ്പെട്ട ഒന്നായി മാറി. ഭരണഘടനാമൂല്യങ്ങളുടെ ശത്രുക്കള്‍ എക്കാലത്തും ഭരണകൂടം തന്നെയായിരുന്നുവെന്ന് അഡ്വ. എം എസ് സജി പറഞ്ഞു. ദീപക് ശങ്കരനാരായണന്‍, ഹരിദാസ് സംസാരിച്ചു. ഗുലാബ് ജാന്‍ മോഡറേറ്ററായിരുന്നു.

RELATED STORIES

Share it
Top