ജനജീവിതം ദുസ്സഹം

കൊച്ചി: മഴ കരുത്താര്‍ജിച്ചതോടെ ജില്ലയില്‍ ജനജീവിതം ദുസഹമായി. കഴിഞ്ഞ മൂന്ന് ദിവസമായി നിര്‍ത്താതെ പെയ്ത മഴ ഇന്നലെയും തുടര്‍ന്നതോടെ നാടും നഗരവും വെള്ളത്തിനടിയിലായി.
വിവിധ പ്രദേശങ്ങളില്‍ ജില്ലാ ഭരണകൂടം ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. നിരവധി കുടുംബങ്ങളാണ് വീടും സ്വത്തും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയിരിക്കുന്നത്. തോടുകളും പുഴകളും കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ ജാഗ്രത നിര്‍ദേശം ഇന്നും തുടര്‍ന്നേക്കും.
പറവൂര്‍: കഴിഞ്ഞ ദിവസങ്ങളിലെ കോരിച്ചൊരിയുന്ന മഴയെത്തുടര്‍ന്ന് താലൂക്കിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതോടെ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായി. കനത്ത മഴ ജനജീവിതത്തെ മൊത്തത്തില്‍ ബാധിച്ചു. കൃഷി നാശം ഉള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ വേറെയും.
റവന്യൂ അധികാരികള്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് താല്‍ക്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാനുള്ള ശ്രമത്തിലാണ്. താലൂക്കില്‍ ഇതിനകം എട്ട് ക്യാംപുകള്‍ തുറന്നു. ആലങ്ങാട് വില്ലേജില്‍ തിരുവല്ലൂര്‍ ഗവ.എല്‍ പി സ്‌കൂള്‍, പുത്തന്‍വേലിക്കര വില്ലേജില്‍ കുത്തിയതോട ്‌സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍, ഏലൂര്‍ വില്ലേജില്‍ ഏലൂര്‍ എല്‍പി സ്‌കൂള്‍, പാതാളം മുനിസിപ്പല്‍ കെട്ടിടം, കോട്ടുവള്ളി വില്ലേജിലെ കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂള്‍, കൈതാരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കടുങ്ങല്ലൂര്‍ വില്ലേജിലെ കുറ്റിക്കാട്ടുകര ഗവ.എല്‍ പി സ്‌കൂള്‍, ഐഎ സി യൂനിയന്‍ കെട്ടിടം എന്നിവിടങ്ങളിലാണ് ക്യാംപ് തുറന്നിരിക്കുന്നത്.
എട്ട് ക്യാംപുകളില്‍ 127 കുടുംബങ്ങളിലെ 262 അംഗങ്ങളാണ് കഴിയുന്നത് . ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം, മരുന്ന് മറ്റ് സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തുവാന്‍ അതാത് വില്ലേജ് ഓഫിസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് തഹസില്‍ദാര്‍ എം എച്ച് ഹരീഷ് അറിയിച്ചു.
കാലടി: കാഞ്ഞൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ വട്ടത്തറ പ്രദേശത്ത്  കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയ വീടുകളും മറ്റു പ്രദേശങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും  സന്ദര്‍ശിച്ച് നാശ നഷ്ടങ്ങള്‍ വിലയിരുത്തി. അറുപതില്‍പരം വീടുകളിലാണ് വെള്ളം കയറിയത്. റോഡുകളും, ഓടകളും  നിറഞ്ഞൊഴുകിയ തിനാല്‍ പ്രദേശത്ത് ജനജീവിതം അസാധ്യമായി. 35 കുടുംബങ്ങളില്‍നിന്നുള്ള 135 പേരെ  ചെങ്ങല്‍ സെന്റ് ജോസഫ് സ്‌കൂളില്‍ തുറന്ന ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റുകയും ചെയ്തു. രാവിലെ  ഏഴു മണിമുതല്‍ ഉണ്ടായ സാഹചര്യവും, ജനങ്ങളുടെ ദുരിതവും നേരിട്ടുകണ്ട്  കാര്യങ്ങള്‍ വിലയിരുത്തുവാനും  ആവശ്യമായ സഹായങ്ങള്‍ നല്‍കുവാനും  അന്‍വര്‍ സാദത്ത് എംഎല്‍എ, ടെല്‍ക് ചെയര്‍മാന്‍ എന്‍ സി മോഹനന്‍,   പഞ്ചായത്ത് പ്രസിഡന്റ് എം പി ലോനപ്പന്‍, സെക്രട്ടറി, അംഗങ്ങള്‍, റവന്യൂ, ഇറിഗേഷന്‍, പോലിസ്, ആരോഗ്യം, കൃഷി, ജലസേചന വകുപ്പ് അധികൃതരും   സ്ഥലത്തെത്തി. നാശനഷ്ടങ്ങളും,  അനുബന്ധപ്രവര്‍ത്തനങ്ങളും സംബന്ധിച്ച് വിലയിരുത്തി. തുടര്‍ന്ന്  കാഞ്ഞൂര്‍ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ അവലോകനയോഗം  ചേര്‍ന്നു.
പഞ്ചായത്തംഗങ്ങളെ കൂടാതെ വിവിധ വകുപ്പ്  അധികൃതര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധപ്രവര്‍ത്തകരും യോഗത്തില്‍ സംബന്ധിച്ചു. ദുരിതാശ്വാസ കേന്ദ്രത്തില്‍ കഴിയുന്നവര്‍ക്ക് കുടിവെള്ളം, ഭക്ഷണം, മരുന്നുകള്‍ എന്നിവ എത്തിക്കുവാനും വെള്ളം കയറിയ  പ്രദേശങ്ങളില്‍ ശുചീകരണവും, കിണര്‍ ക്ലോറിനേഷനും നടത്തുവാനും യോഗം തീരുമാനിച്ചു.
ആലുവ: ശക്തമായ മഴയെത്തുടര്‍ന്ന് ആലുവ മേഖലയിലെ നിരവധി പ്രദേശങ്ങള്‍ വെള്ളക്കട്ടിലായി. വീടുകളും കൃഷിയിടങ്ങളടക്കം വെള്ളത്തിലായത്തോടെ ജനജീവിതം ദുരിതമായിരിക്കുകയാണ്.
ആലുവ നഗരസഭ, ചൂര്‍ണ്ണിക്കര, ചെങ്ങമനാട്, കുന്നുകര, കീഴ്മാട്, എടത്തല, ശ്രീ മൂലനഗരം, ചെങ്ങമനാട്, പഞ്ചായത്തുകളിലാണ് ജനങ്ങള്‍ ദുരിതം പേറുന്നത്.
ചൂര്‍ണ്ണിക്കര ലയോള കോളനിയിലെ 20 വീടുകളില്‍ 16 ലും വെള്ളം കയറി ഇവിടെ മാലിന്യകാനകളിലും വെള്ളം നിറഞ്ഞതോടെ കോളനിയിലെ കക്കൂസും കാനയും ഒന്നായതോടെ ഈ ഭാഗത്ത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിട്ടുണ്ട്. ചൂര്‍ണ്ണിക്കര മാന്ത്രക്കല്‍ തൊരപ്പിലെ വെള്ളക്കെട്ട് മൂലം ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
ഈ ഭാഗത്തെ മാടശ്ശേരി കോളനി, മാന്ത്രക്കല്‍ ക്ഷേത്രം എന്നിവയും വെള്ളക്കെട്ടിലായി.
എടമുളപാലത്തിന് സമീപത്തെ കരിവേലി തോട് കര കവിഞ്ഞതോടെ ഈ ഭാഗത്തെ വീടുകളും വെള്ളക്കെട്ട് ഭീഷണിയിലാണ്. ഈ ഭാഗങ്ങളിലടക്കമുള്ള കൃഷിയിടങ്ങള്‍ മുഴുവന്‍ വെള്ളത്തിലായതോടെ കര്‍ഷകരുടെ ജീവിതവും ദുരിതത്തിലായിരിക്കുകയാണ്. ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ കിഴക്കേദേശം രകതേശ്വരി ക്ഷേത്രത്തിന് സമീപം മഴവെള്ളം ഒഴുകി പോകാന്‍ സംവിധാനമില്ലാത്തതിനാല്‍  പരിസരത്തെ വീടുകളടക്കം വെള്ളത്തിലായി.
മഴവെള്ളം ഒഴുകി പോകുന്നതിന് മുമ്പുണ്ടായിരുന്ന തോട് മൂടിയതാണ് ഈ പ്രദേശം ഇത്രമാത്രം വെള്ളകെട്ടിലാവാന്‍ കാരണം. വെള്ളം ഒഴുകി പോകുന്നതിനും, വെള്ളക്കെട്ട് പരിഹരിക്കുന്നതിനും  സംവിധാനമുണ്ടാക്കുന്നതിന് പഞ്ചായത്തധികൃതര്‍ വേണ്ട നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആലുവയില്‍ തോട്ടു മുഖം മഹിളാലയം കവലക്ക് സമീപം 50 അടിയോളം ഉയരമുള്ള കുന്ന് ഇടിഞ്ഞ് വീണ് നാശനഷ്ടുണ്ടായി. മണ്ണിടിഞ്ഞ് കോഴിക്കാട്ടില്‍ നാസറിന്റെ മതിലും ടാങ്കും തകര്‍ന്നു.
ഏത് നിമിഷവും കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടായേക്കാമെന്ന ഭീതിയിലാണ് താഴെ താമസിക്കുന്ന വീട്ടുകാര്‍. കനത്ത മഴ മൂലം കഴിഞ്ഞ രാത്രി ചെറിയ തോതില്‍ മണ്ണിടിഞ്ഞിരുന്നു. മണ്ണിളകി വെള്ളം ഉറവ് എടുക്കുന്നതിനാല്‍ കൂടുതല്‍ മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുണ്ട്. മുകള്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടവും കൂടുതല്‍ മണ്ണിടിഞ്ഞാല്‍ നിലം പതിക്കും.
കളമശ്ശേരി: രണ്ട് ദിവസമായി  പെയ്യുന്ന മഴയില്‍ വ്യവസായ നഗരമായ ഏലുരും കളമശ്ശേരിയും വെള്ളത്തില്‍ മുങ്ങി. താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളകെട്ടില്‍ ‘ പലദേശങ്ങളും വെള്ളപെക്ക ഭിഷിണിയിലുമാണ്. ഏലുരിലും, കളമശ്ശേരിയിലും ഭുരിതാശ്വാസ ക്യാമ്പുകളും തുറന്നു. പാതാളം എസ്.സി. കോളനി, ആശ്രയ കോളനി , കുറ്റിക്കാട്ടുകര ബോസ്‌ക്കോ കോളനി തുടങ്ങി ഏലുരിലെ താഴ്ന്ന പ്രദേശങ്ങളിലെ വിടു കള്‍ വെള്ളത്തിലാണ് ഇവരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
ശക്തമായ മഴയെ തുടര്‍ന്ന് ഇടപ്പള്ളി ടോള്‍ വി.പി.മരക്കാര്‍ റോഡ്, ഇടപ്പള്ളി  പുക്കാട്ടുപടി റോഡില്‍ മുണ്ടം പാലം., കൈപ്പട മുഗള്‍  പുതിയ റോഡ് പ്രദേശം തുടങ്ങിഭാഗത്തെ റോഡ് ഉള്‍പ്പെടെ വെള്ളത്തിലാണ്.കങ്ങരപ്പടി തച്ചം വേലി മലയില്‍ താഴ്ന്ന ഭാഗത്ത് 5 വാടുകള്‍ വെള്ളത്തിലാണ്, എച് എം ടി കോളനി, പെരിങ്ങഴ ഭാഗത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്കഭിഷിണിയില്‍ ആണ്. എച്ച് . എം ടി. കോളനിയില്‍ താഴ്ന്ന പ്രദേശത്തെ പല വിടുകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവരെ എച്ച്.എം.ടി. കോളനിസ്‌കുളിലേക്ക് മാറ്റിയിരിക്കുകയാണ്. വി.പി.മരക്കാര്‍ റോഡില്‍ വെള്ളം നിറഞ്ഞതാനെ തുടര്‍ന്ന്കടകളിലേക്കും വിടുകളിലേക്കും വെള്ളം കയറിയിരിക്കുകയാണ്.
പെരുമ്പാവൂര്‍: കോടനാട്, കുറിച്ചിലക്കോട് പെരിയാര്‍വാലി കനാലിന്റെ അശാസ്ത്രീയ നിര്‍മ്മാണം മൂലം സമീപ പ്രദേശത്തെ വീടുകള്‍ വെള്ളക്കെട്ടിലായി. സമീപത്തെ സെബി സി ചാക്കോ, ശിവരാമന്‍ നായര്‍, വിജയന്‍, ഗോപാലകൃഷ്ണന്‍ തുടങ്ങിയ 10 വീടുകളിലാണ് കനത്തമഴയെത്തുടര്‍ന്ന് വെള്ളം കെട്ടിയത്.

RELATED STORIES

Share it
Top