ജനങ്ങള്‍ക്ക് സമാധാനമായി ഉറങ്ങാന്‍ കഴിയാത്ത നാടായി കേരളം: ചെന്നിത്തല

തിരുവനന്തപുരം: രാത്രിയില്‍ ജനങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ സമാധാനമായി കിടന്നുറങ്ങാന്‍ കഴിയാത്ത നാടായി കേരളം മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൊച്ചിയില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ട് വന്‍ കവര്‍ച്ചകളാണ് ഉണ്ടായത്. കേരളത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത രീതിയില്‍ പതിനഞ്ചംഗ സംഘമാണ് കവര്‍ച്ചക്കാര്‍. ജനങ്ങളെ ഭീതിയിലാഴ്ത്തിയ മോഷണ പരമ്പര നടന്നിട്ടും പ്രതികളെക്കുറിച്ച് ഒരു തുമ്പും കിട്ടാതെ പോലിസ് ഇരുട്ടില്‍ തപ്പുകയാണ്. വാളുകള്‍ അടക്കം മാരകായുധങ്ങളുമായിട്ടാണ് കവര്‍ച്ചാസംഘം ഇരച്ചെത്തുന്നത്. വൃദ്ധജനങ്ങള്‍ അടക്കമുള്ള വീട്ടുകാരെ ആക്രമിച്ചും ബന്ദിയാക്കിയുമാണ് മോഷ്ടാക്കള്‍ അഴിഞ്ഞാടിയത്. ജനങ്ങള്‍ ഭയചകിതരായി നില്‍ക്കുമ്പോള്‍ പോലിസ് കാഴ്ചക്കാരായി മാറുന്ന ദയനീയ സ്ഥിതി ഞെട്ടിപ്പിക്കുന്നു. കവര്‍ച്ചക്കാരെ അമര്‍ച്ച ചെയ്യാന്‍ പോലിസിന് കഴിയാത്തത്തിലൂടെ അഭ്യന്തരവകുപ്പിന്റെ പരാജയമാണ് വ്യക്തമാവുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. നിയമലംഘകരും കവര്‍ച്ചാ സംഘങ്ങളും സൈ്വര്യവിഹാരം നടത്തുന്ന നാടായി കേരളം മാറിയെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ നടന്ന കവര്‍ച്ചകള്‍ വ്യക്തമാക്കുന്ന ദുരവസ്ഥ ഇതാണ്. മുഖ്യമന്ത്രി ചുമതല വഹിക്കുന്ന ആഭ്യന്തരവകുപ്പ് വെറും നോക്കുകുത്തിയായി മാറി. ഇനിയും വൈകാതെ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top