ജനങ്ങള്‍ക്ക് കോടതിയുള്ള വിശ്വാസം തിരിച്ചു പിടിക്കണം:ഫാലന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കോടതിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്നും അത് തിരിച്ചു പിടിക്കണമെന്നും മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ് നരിമാന്‍. ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഐക്യതയെ തകര്‍ത്തുവെന്നും സഹകരിക്കാന്‍ ചീഫ് ജസ്റ്റിസ് തയ്യാറാകണമെന്നും അദ്ദേഹം പ്രമുഖ ചാനലിന്  നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ദൈവം രക്ഷിച്ചാലേ സുപ്രിംകോടതിക്ക് നിലനില്‍പ്പുള്ളൂ. മറ്റുള്ളവരെ കേള്‍ക്കുന്നതിന് ചീഫ് ജസ്റ്റിസ് തയ്യാറാവേണ്ടതുണ്ട്. ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം സ്വീകരിച്ച നടപടി ശരിയായില്ലെന്നും നരിമാന്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തുവെന്ന കാരണത്താല്‍ ജസ്റ്റിസ് ഗൊഗോയ്ക്ക് ചീഫ് ജസ്റ്റിസ് സ്ഥാനം നിഷേധിക്കപ്പെടാന്‍ പാടില്ല. ഭരണഘടനാ പരമായി അതാണ് ശരി. ഗൊഗോയിയെ തന്നെ നിയമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും സംശയങ്ങളെ ദൂരീകരിക്കാന്‍ ചീഫ് ജസ്റ്റിസിന് സാധിക്കണം. ജനങ്ങളുമായി സഹകരണം ഉണ്ടാക്കിയെടുക്കാന്‍ കോടതി ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED STORIES

Share it
Top