ജനങ്ങളോട് മോദി യുദ്ധം ചെയ്യുന്നു: രാഹുല്‍

ന്യൂഡല്‍ഹി: രാജ്യത്തെ 130 കോടി ജനങ്ങളോട് നരേന്ദ്ര മോദി സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഹുല്‍.
ശ്വാസം മുട്ടിക്കുന്ന ഒരു പ്രത്യയശാസ്ത്രം ഇന്ത്യയുടെ മേല്‍ അടിച്ചേല്‍പിക്കാനാണ് മോദിയുടെ ശ്രമം. സര്‍ക്കാരിനെയും അവര്‍ പിന്തുടരുന്ന ആശയങ്ങളെയും വിമര്‍ശിക്കുന്ന ഗൗരി ലങ്കേഷിനെ പോലുള്ളവര്‍ കൊല്ലപ്പെടുന്നു. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെ സ്ഥാപനങ്ങളില്‍ നിന്നുതന്നെ പുറത്താക്കുന്നു. ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തെയും ചിന്താരീതിയെയും കളങ്കപ്പെടുത്തുകയാണ് മോദി ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക രംഗം മുമ്പെങ്ങുമില്ലാത്ത വിധം തകര്‍ന്നു. ആയിരക്കണക്കിന് കര്‍ഷകര്‍ ഇക്കാലയളവില്‍ ജീവനൊടുക്കി. രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്ധനവില നിത്യേന കുതിച്ചുയരുന്നു. ബാങ്കിങ് മേഖലയും തകര്‍ച്ചയിലാണ്. 12 ലക്ഷം കോടി രൂപയാണ് ബാങ്കുകളുടെ കിട്ടാക്കടം. തൊഴിലില്ലായ്മയും സമീപകാലത്തെ ഏറ്റവും ഉയര്‍ച്ചയിലാണ്. മുന്നൊരുക്കവും ആസൂത്രണവുമില്ലാതെ ജിഎസ്ടി നടപ്പാക്കിയതും നോട്ടു നിരോധനവും അസംഘടിത മേഖലയെ തകര്‍ത്തു. പെട്രോള്‍, ഡീസല്‍ വിലവര്‍ധനയിലൂടെ സാധാരണക്കാര്‍ ദുരിതത്തിലായ കാര്യം ഇനിയെങ്കിലും പ്രധാനമന്ത്രി അറിയണമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
എല്ലാ രംഗത്തും ഏകാധിപത്യ നിലപാടാണ് മോദി സ്വീകരിക്കുന്നത്. ചര്‍ച്ചകളുടെ ഒരു സാധ്യതകളിലും അവര്‍ വിശ്വസിക്കുന്നില്ല. ചര്‍ച്ചകളില്‍ നിന്ന് അവര്‍ അകന്നുനില്‍ക്കുകയാണ്. കശ്മീര്‍ വിഷയത്തില്‍ പല തവണ അരുണ്‍ ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും അദ്ദേഹം അവഗണിച്ചു. പിന്നീട് ജയ്റ്റ്‌ലി തന്നെ കണ്ടപ്പോള്‍ കശ്മീര്‍ വിഷയം സംസാരിച്ചെങ്കിലും അവിടെ ഒരു പ്രശ്‌നവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അറിവിന്റെ കാര്യത്തില്‍ അവര്‍ക്ക് കുത്തകാവകാശം ഉള്ളതായി അവര്‍ നമ്മെ വിശ്വസിപ്പിക്കുകയാണ്.
ഞാന്‍ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് ബിജെപിയെ ഭ്രാന്തുപിടിപ്പിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലോ പള്ളിയിലോ ഗുരുദ്വാരയിലോ ഞാന്‍ പോവരുതെന്നാണ് ബിജെപി വിശ്വസിക്കുന്നത്. തങ്ങള്‍ക്കു മാത്രമേ ക്ഷേത്രസന്ദര്‍ശനം പാടുള്ളൂവെന്നാണ് ബിജെപി കരുതുന്നത്. എന്റെ ക്ഷേത്രസന്ദര്‍ശനങ്ങളെ ആര്‍എസ്എസിന്റെ ഹിന്ദുത്വനയവുമായി കൂട്ടിച്ചേര്‍ക്കേണ്ടതില്ല.
മോദിയുടെ വിദേശ നയം സമ്പൂര്‍ണ പരാജയമാണ്. ചൈനയുടെ ദോക്‌ലാം അധിനിവേശം ചെറുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. വിദേശ നയത്തിലെ പാളിച്ചകള്‍ ഒരു കെട്ടിപ്പിടിത്തം കൊണ്ടു പരിഹരിക്കാന്‍ കഴിയുന്നതല്ല. ആര്‍എസ്എസിന്റെ കേഡര്‍ സംവിധാനം രാജ്യത്തെ സ്ഥാപനങ്ങളെ പിടിച്ചടക്കാന്‍ വേണ്ടിയുള്ളതാണ്. രാജ്യത്തെ ഉന്നത സര്‍വകലാശാലകളിലെ മേധാവികളെ നിയമിക്കുന്നതിനുള്ള ഏക മാനദണ്ഡം അവരുടെ ആര്‍എസ്എസ് ബന്ധം മാത്രമാണ്.
എന്തു വിട്ടുവീഴ്ച ചെയ്തും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ വിശാല പ്രതിപക്ഷ ഐക്യം ഉണ്ടാക്കുമെന്ന് പ്രാദേശിക പാര്‍ട്ടികളെ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ്സിനു മടിയുണ്ടോ എന്ന ചോദ്യത്തോട് രാഹുല്‍ പ്രതികരിച്ചു. അതിനു മുമ്പ് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഐക്യമുണ്ടാക്കും.
എന്തു വിട്ടുവീഴ്ചയും ചെയ്യാമെന്നാണ് ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസ്സിന്റെ നിലപാട്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരത്തിലെത്തും. സഖ്യരൂപീകരണത്തിന് ബിഎസ്പി ഉള്‍പ്പെടെയുള്ള എല്ലാ ബിജെപി വിരുദ്ധ കക്ഷികളുമായും ചര്‍ച്ച നടത്തുമെന്നും രാഹുല്‍ പറഞ്ഞു.

RELATED STORIES

Share it
Top