ജനങ്ങളുടെ യാത്രാ ക്ലേശം തുടരുന്നു

പത്തനംതിട്ട: സ്വകാര്യ ബസ് സമരത്തെ തുടര്‍ന്നുണ്ടായ ജനങ്ങളുടെ യാത്രാ ക്ലേശം തുടരുന്നു. സമരം നാലം ദിവസം പിന്നിട്ടപ്പോഴേക്കും വിദ്യാര്‍ഥികളടക്കമുള്ള മലയോര മേഖലയിലെ യാത്രക്കാര്‍ ഏറെ ദുരിതപ്പെടുകയാണ്. ഇന്നലെ രാവിലെ മണിക്കൂറോളം കാത്തു നിന്ന് ക്ഷമ നശിച്ച യാത്രക്കാര്‍ പത്തനംതിട്ട കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്ററിന് മുന്നില്‍ ബഹളം വെക്കുകയും ഒടുവിലിത് ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള  വാക്കേറ്റത്തിന്  ഇടയാക്കയും ചെയ്തു.
കോഴഞ്ചേരിക്ക് പോകാനായി ഏറെ നേരം കാത്ത് നിന്നെങ്കിലും ബസ് അയയ്ക്കാന്‍ തയ്യാറാകാഞ്ഞതാണ് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത് .യാത്രക്കാര്‍ കൗണ്ടറിന് മുന്നില്‍ നിന്ന് ഏറെ ഒച്ചപാടുണ്ടാക്കുകയും ചെയ്തു. മാരാമണ്‍ കണ്‍വെന്‍ഷന്‍ പ്രമാണിച്ച് ഞായറാഴ്ച വരെ കൂടുതല്‍ സര്‍വ്വീസുകള്‍ കോഴഞ്ചേരിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലെ മറ്റ് സ്ഥലങ്ങളിലേക്ക് അധിക സര്‍വ്വീസുകള്‍ നടത്തിയതോടെ ഈ റൂട്ടില്‍ ബസുകള്‍ കുറഞ്ഞു. ഉള്‍പ്രദേശങ്ങളില്‍ രൂക്ഷമായ യാത്രാക്ലേശമാണ് അനുഭവപ്പെടുന്നത് . അത്യവശ്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പോകുന്നവര്‍ ഓട്ടോറിക്ഷകളെയാണ് കൂടുതലും ആശ്രയിക്കുന്നത് . ആട്ടോറിക്ഷക്കാര്‍ അമിത ചാര്‍ജ്ജ് വാങ്ങുന്നതായുള്ള പരാതികളും വര്‍ധിച്ചിട്ടുണ്ട് . സ്വകാര്യബസുകള്‍ ഇല്ലാത്തതിനാല്‍ ആശുപത്രികളില്‍ പോകാന്‍ പോലും കഴിയാതെ ആളുകള്‍ വലയുന്നുണ്ട്.സ്വകാര്യ ബസുകള്‍ മാത്രം സര്‍വ്വീസ് നടത്തുന്ന റൂട്ടുകളില്‍ കെഎസ് ആര്‍ടിസി ഒന്നോ രണ്ടോ സര്‍വ്വീസ് മാത്രമാണ് നടത്തുന്നത്.

RELATED STORIES

Share it
Top