ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ഡോ. പി കെ ബിജു എംപി

തൃശൂര്‍: ദേശീയപാതയിലെ മണ്ണുത്തി-വടക്കഞ്ചേരി റീച്ചിലെ നിര്‍മാണം സംബന്ധിച്ച് ജനങ്ങളുടെ പരാതികളും, നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും പൂര്‍ണമായും പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഡോ.പി കെ ബിജു എംപി ലോകസഭയില്‍ ആവശ്യപ്പെട്ടു.
ജനപ്രതിനിധികളുമായും, പഞ്ചായത്ത് അധികൃതരുമായും വേണ്ടത്ര കൂടിയാലോചന നടത്താതെ 1998 ല്‍ തയ്യാറാക്കിയ ദേശീയപാതയുടെ രൂപരേഖയനുസരിച്ച് ആറുവരിപ്പാതയുടെ നിര്‍മ്മാണം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുനിഞ്ഞതോടെയാണ് ജനങ്ങള്‍ക്കിടയില്‍ വന്‍തോതില്‍ ആശങ്കയുണ്ടാക്കിയത്. ദേശീയപാത നിര്‍മ്മാണം ആരംഭിച്ചതു മുതല്‍ തുരങ്കപാത നിര്‍മ്മാണത്തില്‍ ഉള്‍പ്പെടെ അശാസ്ത്രീയതയും,  അംഗീകരിച്ച രുപരേഖയില്‍ നിന്നുള്ള വ്യതിചലനവും ചൂണ്ടിക്കാണിച്ച് ജനങ്ങള്‍ എന്നും സമരം ചെയ്യേണ്ട സാഹചര്യമാണുളളത്.
ജനങ്ങള്‍ ദൈനംദിനം ഉപയോഗിക്കുന്ന വടക്കഞ്ചേരി മുതല്‍ വാണിയംപാറ വരെയുളള പ്രദേശങ്ങളില്‍ പതിനേഴോളം റോഡുകള്‍ നിര്‍ബന്ധപൂര്‍വ്വം പൂര്‍ണ്ണമായും അടക്കുകയും, ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതിരിക്കുകയുംചെയ്തു. അംഗീകരിച്ച കരാറില്‍ നിന്നും തുടര്‍ച്ചയായി വ്യതിചലനം നടത്തുന്നതിനെതിരെ പ്രതികരിക്കാന്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രദേശവാസികള്‍ ആക്ഷന്‍ കൗണ്‍സിലിനു രൂപം നല്‍കിയിരിക്കുകയാണ്.
കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ കാരയങ്കാട്, പന്തലാംപാടം നീലിപ്പാറ എന്നീകുടിവെളള പദ്ധതികള്‍ പൂര്‍ണ്ണമായും മാറ്റിസ്ഥാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.  പ്രസ്തുതകുടിവെള്ള പദ്ധതികള്‍ മാറ്റിസ്ഥാപിക്കുന്നതിനാവശ്യമായിവരുന്ന തുകഅനുവദിക്കണം. മണ്ണുത്തി-വടക്കഞ്ചേരി റീച്ചില്‍ ആവശ്യമായസ്ഥലങ്ങളില്‍ സര്‍വ്വീസ്‌റോഡുകള്‍ അനുവദിക്കണം.
പന്തലാംപാടം മേരിമാത എയ്ഡഡ്ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മുന്‍വശത്തെ ബസ്‌സ്റ്റോപ്പിന് കുറുകെയായി അടിപാതയോ, ഫുട്ട്ഓവര്‍ ബ്രിഡ്‌ജോ നിര്‍മ്മിച്ച് നല്‍കണം. പന്നിയങ്കര, ചുവട്ടുപാടം, നീലിപ്പാറ, വാണിയമ്പാറ എന്നീസ്ഥലങ്ങള്‍ ഉള്‍പ്പെടെആവശ്യമായിടത്തെല്ലാം സിഗ്നല്‍ സമ്പ്രദായം ഏര്‍പ്പെടുത്തണം.
കാലവര്‍ഷത്തെ അതിജീവിക്കണമെങ്കില്‍ മണ്ണുത്തി-വടക്കഞ്ചേരിറീച്ചില്‍ ശരിയായരീതിയില്‍ ഡ്രെയിനേജ് സൗകര്യം ലഭ്യമാക്കണം. കുതിരാന്‍-മണ്ണുത്തി നിര്‍മ്മാണത്തിനിടയില്‍ പ്രകൃതിദത്ത അരുവികളും, വെള്ളംഉള്‍ക്കൊളളുന്ന പ്രദേശങ്ങളുംസംരക്ഷിക്കപ്പെടണമെന്നും എംപി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top