ജനക്ഷേമത്തിന് മഹായാഗം: തെലങ്കാന മുഖ്യമന്ത്രി വിവാദത്തില്‍

ഹൈദരാബാദ്: ജനക്ഷേമത്തിനായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ തോട്ട വസതിയില്‍ അഞ്ചു ദിവസം നീളുന്ന മഹായാഗം തുടങ്ങി.
ആയുധ ചണ്ഡി മഹായാഗം എന്ന് പേരിട്ട അനുഷ്ഠാനം മേധക് ജില്ലയിലെ റാവുവിന്റെ വസതിയിലാണ് നടക്കുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വന്‍തോതില്‍ പണം മുടക്കി യാഗം നടത്തുന്നതിനെതിരേ പ്രതിപക്ഷ കക്ഷികളായ ബിജെപിയും കോണ്‍ഗ്രസ്സും രംഗത്തിറങ്ങിയിട്ടുണ്ട്.യാഗത്തിനും യജ്ഞത്തിനും പാര്‍ട്ടി അനുകൂലമാണെങ്കിലും സ്വകാര്യ പരിപാടിക്ക് സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നത് അസ്വീകാര്യമാണെന്ന് തെലങ്കാന ബിജെപി വക്താവ് കൃഷ്ണസാഗര്‍ റാവു പറഞ്ഞു. യാഗത്തിനായി തന്റെ വസതിയിലേക്ക് റോഡുകള്‍ വെട്ടിയതിന് ചെലവായ തുക മുഖ്യമന്ത്രി വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ യാഗത്തെ സിപിഎമ്മും വിമര്‍ശിച്ചു. ജനങ്ങളില്‍ അന്ധവിശ്വാസം വളര്‍ത്തുന്ന യാഗം ഭരണഘടനക്കെതിരാണെന്ന് തെലങ്കാന സിപിഎം ആരോപിച്ചു. സ്വന്തം പണമാണ് യാഗത്തിന് ചെലവഴിക്കുന്നതെന്നും സര്‍ക്കാറിന്റെ ഒരു പൈസപോലും അതിന് ഉപയോഗിക്കുന്നില്ലെന്നും റാവു പറഞ്ഞു.
യാഗത്തോടനുബന്ധിച്ച് നടന്ന പൂജയില്‍ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹനും പങ്കെടുത്തു. ഞായറാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി യാഗവേദി സന്ദര്‍ശിക്കും.
തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം പൂജാരിമാരാണ് യാഗം നിര്‍വഹിക്കുന്നത്.

RELATED STORIES

Share it
Top