ജനകീയ സമരം: പുലിപ്പാറയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടി

കടയ്ക്കല്‍: ജനകീയ സമരത്തെ തുടര്‍ന്ന് കടയ്ക്കല്‍ പുലിപ്പാറയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഔട്ട്‌ലെറ്റാണ് പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തില്‍ അടച്ചത്. ബിവറേജസ് ഔട്ട്‌ലെറ്റിന്റെ ബോര്‍ഡോ നിയമാനുസരണമുള്ള മറ്റ് രേഖകളോ കൂടാതെ ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടുകാരോ ജനപ്രതിനിധികളോ അറിയാതെയാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ നേതൃത്വത്തില്‍ ജനവാസ കേന്ദ്രത്തിലെ മദ്യശാലക്കെതിരേ സമരം നടന്ന് വരികയായിരുന്നു. ഇതിനിടെ താമസ ആവശ്യത്തിന് ഉപയോഗിക്കേണ്ട കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല അടയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ വെള്ളിയാഴ്ച നിര്‍ത്തിവയ്ക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെയും മദ്യവില്‍പ്പന നടത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ എസ് ബിജുവിന്റെ നേതൃത്വത്തില്‍ അധികൃതരെത്തി മദ്യശാല പൂട്ടിക്കുകയായിരുന്നു. ഔട്ട്‌ലെറ്റ് പൂട്ടിയതിനെ തുടര്‍ന്ന് സമര സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണ സമിതിക്ക് അഭിവാദ്യം അര്‍പ്പിച്ച് ആഹ്ലാദ പ്രകടനം നടത്തി.

RELATED STORIES

Share it
Top