ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ഹാരിസ് രാജ് നടക്കുകയാണ്

ശഫീഖ് ആയപ്പള്ളി

പുത്തനത്താണി: ഹാരിസ് രാജ് നടക്കുകയാണ്, കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക്. സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അധികൃതരുടെ മുന്നിലെത്തിക്കുകയാണ് ലക്ഷ്യം.പെട്രോളിയം ഉല്‍പന്നങ്ങളുടെ അമിത നികുതി കുറയ്ക്കുക, ഭിക്ഷാടനം നിരോധിച്ച് അര്‍ഹരായ യഥാര്‍ത്ഥ പാവങ്ങള്‍ക്ക് ആശ്രയമൊരുക്കുക, കീടനാശിനികള്‍ ഉപയോഗിക്കുന്നത് നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഒറ്റയാന്‍ നടത്തം. തന്റെ സാധനങ്ങള്‍ വെക്കാനുള്ള സൈക്കിള്‍ തള്ളിക്കൊണ്ടാണ് യാത്ര.
ഫെബ്രുവരി 14ന് കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നിന്നാരംഭിച്ച  കാല്‍നട സഹന യാത്ര കഴിഞ്ഞ ദിവസം പുത്തനത്താണിയിലെത്തി. ജനകീയ ആവശ്യങ്ങള്‍ വിവരിക്കുന്ന പ്ലേക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് യാത്ര. പ്രശ്‌നങ്ങള്‍ നാട്ടുകാരുമായി സംവദിച്ച് ഒപ്പ് ശേഖരണവും നടത്തുന്നുണ്ട്. യാത്ര മാര്‍ച്ച് 31ന് തിരുവനന്തപുരത്ത് സമാപിക്കും. യാത്ര തിരുവനന്തപുരത്ത് എത്തിയാല്‍ ജനങ്ങളില്‍ നിന്നും ശേഖരിച്ച ഒപ്പുകള്‍ മുഖ്യമന്ത്രിക്ക് കൈമാറും.
കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി അസ്‌ലമും  യാത്രയില്‍ ഹാരിസ് രാജിനെ അനുഗമിക്കുന്നുണ്ട്. നിര്‍ധനരായ കുടുബങ്ങള്‍ക്കും രോഗികള്‍ക്കും സഹായമെത്തിച്ചും തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിച്ചുമാണ്  യാത്ര മുന്നേറുന്നത്.യാത്രക്ക് പൊതുജങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടിക്കാരില്‍ നിന്നുമെല്ലാം നല്ല പിന്തുണയും സ്വീകരണവുമാണ് ലഭിക്കുന്നതെന്ന് തൃശ്ശൂര്‍ സ്വദേശിയായ ഹാരിസ് രാജ് പറഞ്ഞു.

RELATED STORIES

Share it
Top