ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാവില്ല: അജ്മല്‍ ഇസ്മായില്‍

കണ്ണൂര്‍: നീതിക്കു വേണ്ടിയുള്ള ജനകീയ പ്രതിഷേധങ്ങളെ കരിനിയമങ്ങളും കാടന്‍ നീതിയും ഉപയോഗിച്ച് അടിച്ചമര്‍ത്താനാവില്ലെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍. ഹര്‍ത്താലിന്റെ മറവിലുള്ള പോലിസ് വേട്ട അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ കമ്മിറ്റി കണ്ണൂര്‍ എസ്പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജമ്മുവിലെ കഠ്‌വയില്‍ ബാലികയെ പൈശാചികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിക്കാതിരിക്കുന്നത് മനുഷ്യമനസാക്ഷിക്ക് സാധ്യമല്ല. സംഘപരിവാര ഭീകരതയുടെ കിരാത വാഴ്ചയ്‌ക്കെതിരേ പ്രതിഷേധിക്കുമ്പോള്‍ ഇവിടെ വിറളി പിടിക്കുന്നത് പിണറായി വിജയനും കൂട്ടരുമാണ്്.
കാക്കിക്കുള്ളില്‍ കാവി ട്രൗസറിട്ട ചില പോലിസുകാരും കൂട്ടുനില്‍ക്കുന്നു. നവമാധ്യമ ഹര്‍ത്താലിന്റെ മുഴുവന്‍ ഉത്തരവാദിത്തവും എസ്ഡിപിഐയുടെ മേല്‍ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നത്.
കണ്ണൂരിലും മലപ്പുറത്തും ഉള്‍പ്പെടെ അക്രമം നടത്തിയത് സിപിഎം പ്രവര്‍ത്തകരും മറ്റു ചില രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരുമായിരുന്നു. മലപ്പുറത്തെ ചില അനിഷ്ട സംഭവങ്ങളില്‍ പിണറായിയുടെ കുഴലൂത്തുകാരനായി മന്ത്രി കെ ടി ജലീല്‍ കഴുതക്കാമം കരഞ്ഞുതീര്‍ക്കുകയാണ്.
പ്രതികളെ പിടിക്കാന്‍ ജയരാജന്‍മാരുടെ വീടുകളില്‍ പോയാല്‍ തൊപ്പി തെറിക്കുമെന്ന് പോലിസിനറിയാം. ആര്‍എസ്എസ്-സംഘപരിവാര തീവ്രവാദികള്‍ എന്തു പ്രസംഗിച്ചാലും അക്രമം അഴിച്ചുവിട്ടാലും പോലിസ് നടപടിയില്ല.
ഹിന്ദുത്വ തീവ്രവാദം തുപ്പുന്ന ശശികല, ഗോപാലകൃഷ്ണന്‍, സാധ്വി ബാലിക സരസ്വതി തുടങ്ങിയവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ധൈര്യമില്ല. അവകാശങ്ങള്‍ തന്നില്ലെങ്കില്‍ ജനം പിടിച്ചുവാങ്ങും. എസ്ഡിപിഐ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ല.
എന്നാല്‍, ആഹ്വാനം ചെയ്താല്‍ വിജയിപ്പിക്കാനുമറിയാം. പോലിസിന്റെ ശക്തി കണ്ടല്ല ശാന്തരായി ഇരിക്കുന്നത്. മറിച്ച്, ജനാധിപത്യ മര്യാദകളെയും നീതിന്യായ വ്യവസ്ഥകളെയും ബഹുമാനിക്കുന്നതു കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top