ജനകീയ പ്രതിരോധം അനിവാര്യം: പരിഷത്ത്

പേരാമ്പ്ര: കോട്ടൂര്‍ പഞ്ചായത്തിലെ ചെങ്ങോടുമലയില്‍ വാങ്ങിക്കൂട്ടിയ നൂറോളം ഏക്കര്‍ ഭൂമിയില്‍നിന്ന് വന്‍ സന്നാഹത്തോടുകൂടി പാറപൊട്ടിക്കാനുള്ള ഡെല്‍റ്റ തോമസ് ഇന്‍ഫ്രാസ്ട്രക്ചര്‍ (െ്രെപ)ലിമിറ്റഡ് കമ്പനിയുടെ നീക്കം ചെങ്ങോടുമല മൊത്തം നശിപ്പിക്കുമെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ത്തണമെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ . കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൂട്ടാലിടയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചെങ്ങോടുമല ഒരു പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നും ഇവിടെ നടത്തുന്ന ഏതൊരു ഖനനവും സ്വാഭാവിക പ്രകൃതി സന്തുലനാവസ്ഥയെ ബാധിക്കുമെന്നും അതിനാല്‍ ഖനന അനുമതി നല്‍കുന്നതിനു മുമ്പ് വളരെ വിശദവും ശാസ്ത്രീയവുമായ പരിസ്ഥിതി ആഘാത പത്രിക തയ്യാറാക്കണമെന്നും അസിസ്റ്റന്റ് കലക്ടര്‍ 2017 ഡിസംബര്‍ 20ന് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാകലക്ടറുടെ നിര്‍ദ്ദേശമനുസരിച്ച്  സ്ഥലം സന്ദര്‍ശിച്ചശേഷമാണ് അസിസ്റ്റന്റ് കലക്ടര്‍ റിപോര്‍ട്ടു തയ്യാറാക്കിയത്.
എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെയും ക്വാറി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ അതീവ ലളിതവല്‍ക്കരിച്ചുകൊണ്ടും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങള്‍ നടത്തുന്ന പ്രതിരോധങ്ങളേയും പ്രതിഷേധങ്ങളേയും കണ്ടില്ലെന്നു നടിച്ചും ഒരു വെല്ലുവിളിയെന്നോണം പാറമടക്കമ്പനിക്കാര്‍ വാര്‍ത്താപത്രം വഴി തെറ്റായ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. ചെങ്ങോടു മലയില്‍ പാറ ഖനനവുമായി മുന്നോട്ടു പോകുന്നതിന് എതിരായി കക്ഷിരാഷ്ട്രീയ ഭേദമെന്യേ മുഴുവന്‍ ജനങ്ങളും യോജിച്ചുകൊണ്ട് ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കണമെന്ന് തുടര്‍ന്നു സംസാരിച്ച കെ ടി രാധാകൃഷ്ണന്‍, പി കെ ബാലകൃഷ്ണന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. ടി കെ വിജയന്‍ അധ്യക്ഷത വഹിച്ച പ്രതിഷേധ കൂട്ടായ്മയില്‍ പരിഷത്ത് യൂനിറ്റ് സെക്രട്ടറി സി എച്ഛ് കരുണാകരന്‍ ,യൂണിറ്റ് പ്രസിഡന്റ് എ കെ ഹരീഷ് സംസാരിച്ചു.

RELATED STORIES

Share it
Top