ജഡ്ജിമാരുടെ ശമ്പള വര്‍ധനഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: ഹൈക്കോടതികളിലെയും സുപ്രിംകോടതിയിലെയും ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി.
ബില്ല് രാജ്യസഭകൂടി പാസാക്കിയാല്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ ശമ്പളം ഒരുലക്ഷത്തില്‍ നിന്ന് 2.8 ലക്ഷമായി ഉയരും.   സുപ്രിംകോടതി ജഡ്ജിമാരുടേത് രണ്ടര ലക്ഷമായും ഹൈക്കോടതികളിലെ ജഡ്ജിമാര്‍ക്ക് നിലവിലെ 80,000 രൂപയില്‍ നിന്ന് 2.25 ലക്ഷമായും ഉയരും. നടപ്പുസമ്മേളനത്തിലെ അവസാന ദിവസമായ ഇന്ന് ഈ ബില്ല് രാജ്യസഭ പരിഗണിച്ചേക്കുമെന്നാണ് സൂചന.
സുപ്രിംകോടതിയിലെയും രാജ്യത്തെ 24 ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശ മന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ലോക്‌സഭയില്‍ ബില്ല് അവതരിപ്പിച്ചപ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ അംഗങ്ങളും ബില്ലിനെ അനുകൂലിച്ചാണ് രംഗത്തെത്തിയത്. ബില്ല് എല്ലാവരും അംഗീകരിക്കുന്നുണ്ടെന്നും ലോക്‌സഭ ഒറ്റക്കെട്ടായി ബില്ല് പാസാക്കണമെന്നും നിയമമന്ത്രി ലോക്‌സഭയില്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ബില്ല് പാസാക്കിയത്.

RELATED STORIES

Share it
Top