ജഡ്ജിമാരുടെ നിയമനം: വേഗത കൂട്ടണമെന്ന് കേന്ദ്രം
kasim kzm2018-09-10T07:49:06+05:30
ന്യൂഡല്‍ഹി: കീഴ്ക്കോടതികളില്‍ ജഡ്ജിമാരെ നിയമിക്കാന്‍ നടപടിക്രമങ്ങള്‍ക്ക് വേഗത കൂട്ടണമെന്ന് ഹൈക്കോടതികളോട് കേന്ദ്രം. കേസുകള്‍ വര്‍തോതില്‍ കെട്ടിക്കിടക്കുന്നതിന് ഒരു കാരണം ജഡ്ജിമാരുടെ ക്ഷാമമാണെന്ന് കേന്ദ്രം വ്യക്തമാക്കി. ഇതു സംബന്ധിച്ച് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് 24 ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാര്‍ക്ക് കത്തുകളയച്ചു. കീഴ്ക്കോടതികളില്‍ ജഡ്ജിമാരെ നിയമിക്കുന്നതിന് യഥാസമയം പരീക്ഷയും ഇന്റര്‍വ്യൂവും നടത്തണമെന്ന് കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. രാജ്യത്തെ ജില്ലാ-കീഴ്ക്കോടതികളില്‍ മൊത്തം 2,76,74,499 കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുന്നതിലുള്ള അനന്തമായ കാലതാമസമാണ് കേസുകള്‍ പെരുകാന്‍ കാരണം. ജഡ്ജിമാരുടെ ഒഴിവുകളുടെ സ്ഥിതി ചീഫ് ജസ്റ്റിസുമാര്‍ നിരീക്ഷിക്കുകയും സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷനുമൊത്ത് ശരിയായ ഏകോപനം ഉറപ്പാക്കണമെന്നും മന്ത്രി കത്തില്‍ വ്യക്തമാക്കി.