ജഗ്തര്‍ സിങ് താരയ്ക്ക് ജീവപര്യന്തം

ചണ്ഡീഗഡ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ജഗ്തര്‍ സിങ് താര (43)യെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. താരയെ താമസിപ്പിച്ച വന്‍ സുരക്ഷയുള്ള ബുറെയില്‍ ജയിലില്‍ വച്ചാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ജെ എസ് സിധു വിധി പറഞ്ഞതെന്നു പ്രതിഭാഗം അഭിഭാഷകന്‍ സിമ്രാന്‍ജിത് സിങ് അറിയിച്ചു.
താരയ്ക്ക് 35,000 രൂപയുടെ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. തന്റെ കക്ഷി ഹൈക്കോടതിയില്‍ വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും സ്‌ഫോടകവസ്തു നിയമത്തിലെയും വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് താരയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. 1995ലാണ് ബിയാന്ത് സിങ് വധിക്കപ്പെട്ടത്. ഡല്‍ഹിയില്‍ വച്ചാണ് താര അറസ്റ്റിലായത്.
2004ല്‍ കേസ് വിചാരണയിലിരിക്കെ, താരയും മറ്റു രണ്ടു പ്രതികളും ബുറെയില്‍ ജയിലില്‍ നിന്നു രക്ഷപ്പെട്ടിരുന്നു. 2015ല്‍ തായ്‌ലന്‍ഡില്‍ വച്ചു താരയെ പോലിസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

RELATED STORIES

Share it
Top