ജംയ്യത്തുല്‍ ഉലമ നേതാക്കളും മോദിയുമായുള്ള കൂടിക്കാഴ്ച : വാസ്തവ വിരുദ്ധമായ പ്രസ്താവനയുമായി കേന്ദ്ര സര്‍ക്കാര്‍ന്യൂഡല്‍ഹി: ജംയ്യത്തുല്‍ ഉലമായേ ഹിന്ദ് അധ്യക്ഷന്‍ മൗലാനാ അര്‍ശദ് മദനിയുടെ നേതൃത്വത്തില്‍ മുസ്‌ലിംനേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിനെ വസ്തുതാ വിരുദ്ധമായി പ്രചരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍.പ്രതിനിധി സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതില്‍ നിന്നും വ്യത്യസ്ത കാര്യങ്ങളാണ് സര്‍ക്കാര്‍ പ്രചരിപ്പിച്ചത്. ഗോ സംരക്ഷകര്‍ മുസ്ലിംകളെ കൊല്ലുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളാണ് മുസ്്‌ലിം നേതാക്കള്‍ മോദിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. എന്നാല്‍ മുത്ത്വലാഖ് വിഷയത്തില്‍ പ്രധാനമന്ത്രിയുടെ നിലപാടിനെ മുസ്‌ലിംകള്‍ പ്രശംസിച്ചു എന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവാത്ത കാര്യങ്ങളാണ് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട പ്രസതാവനയില്‍ പറയുന്നത്. ചൊവ്വാഴ്ചയാണ് 25 പേര്‍ അടങ്ങിയ മുസ്‌ലിം പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കണ്ടത്. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങളുടെ ഭയാശങ്കകള്‍, മുസ്‌ലിംകള്‍ക്ക് കേന്ദ്രസര്‍ക്കാരിനുള്ള അവിശ്വാസം, ഗോസംരക്ഷണത്തിന്റെ മറവില്‍ സംഘപരിവാരം നടത്തുന്ന ആക്രമണങ്ങള്‍, സര്‍ക്കാരുകള്‍ക്കു കീഴിലുള്ള ന്യൂനപക്ഷക്ഷേമ പദ്ധതികളുടെ നടത്തിപ്പ് എന്നീ വിഷയങ്ങളാണ് പ്രതിനിധി സംഘം മോദിയെ ധരിപ്പിച്ചത്. എന്നാല്‍, ഇവയൊന്നും സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പരാമര്‍ശിക്കാതെയാണ് പ്രധാനമന്ത്രിയുടെ നടപടികളെ മുസ്‌ലിം നേതാക്കള്‍ പ്രകീര്‍ത്തിച്ചു എന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) റിപോര്‍ട്ട് ചെയ്തത്.   അതിതീവ്ര നിലപാടുള്ള ഒരുസംഘം നിയമം കൈയിലെടുക്കുകയാണ്. ഗോരക്ഷകരും ലൗജിഹാദ് ആരോപണം ഉന്നയിക്കുന്നവരും മുസ്്‌ലിംകളെ ഭയത്തിന് അടിമപ്പെടുത്തുകയാണെന്നും താന്‍ പ്രധാനമന്ത്രിയെ അറിയിച്ചതായി സംഘത്തിലുണ്ടായിരുന്ന അന്‍ജുമന്‍ ഇസ്‌ലാം അധ്യക്ഷന്‍ സാഹിര്‍ ഖാസി പറഞ്ഞു. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും പൊലിസ് അതു ഗൗരവത്തോടെ നടപ്പാക്കുന്നില്ലെന്ന് മൗലാനാ ആസാദ് യൂനിവേഴ്‌സിറ്റി വിസി അക്തറുല്‍ വാസി പ്രധാനമന്ത്രിയോട് പറഞ്ഞു. ഞാന്‍ 125 കോടി ജനതയുടെ പ്രധാനമന്ത്രിയാണെന്നും ജാതിയുടെയും മതത്തിന്റെയും പേരില്‍ വിവേചനമില്ലാതെ എല്ലാവരുടെയും ക്ഷേമം ഉറപ്പിക്കുകയെന്നത് എന്റെ കടമയാണെന്നും നരേന്ദ്രമോദി സംഘത്തോട് പറഞ്ഞതായി അക്തറുല്‍ വാസി വ്യക്തമാക്കി. തങ്ങള്‍ വിവേചനം നേരിടുന്നുവെന്ന് ഒരാള്‍ക്കും തോന്നരുതെന്ന് ഉറപ്പുവരുത്തല്‍ തന്റെ ഉത്തരവാദിത്തമാണെന്നും മോദി  പ്രതികരിച്ചതായും അദ്ദേഹം അറിയിച്ചു.എന്നാല്‍, കൂടിക്കാഴ്ചയില്‍ പ്രതിനിധികളോ പ്രധാനമന്ത്രിയോ പറയാത്ത കാര്യങ്ങളാണു പിഐബി പ്രസിദ്ധീകരിച്ചത്. പ്രധാനമന്ത്രിയുടെ നയങ്ങളെ പ്രശംസിച്ച പ്രതിനിധി സംഘം, കേന്ദ്രസര്‍ക്കാര്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്ഷേമം ഉറപ്പുവരുത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചെന്നും ബിഐബി റിപോര്‍ട്ട് ചെയ്യുന്നു.  കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ നരേന്ദ്രമോദിക്കു മാത്രമെ കഴിയൂവെന്ന് വ്യക്തമാക്കിയ സംഘം, മുത്വലാഖ് വിഷയത്തില്‍ പ്രദാനമന്ത്രിയെടുത്ത നിലപാടിനെ പ്രശംസിക്കുകയും ചെയ്തുവെന്നുമാണ് പിഐബിയുടെ റിപ്പോര്‍ട്ട്.

RELATED STORIES

Share it
Top