ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് യൂത്ത് ക്ലബ്ബിന് രൂപം നല്‍കി; 10000 യുവാക്കള്‍ക്ക് കായിക പരിശീലനം നല്‍കും


ദയൂബന്ത്: ഇന്ത്യയിലെ ഏറ്റവും വലിയ മുസ്്‌ലിം സംഘടനകളിലൊന്നായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് യുവാക്കളെ സംഘടിപ്പിക്കുന്നു. ജംഇയ്യത്ത് യൂത്ത് ക്ലബ്ബ് എന്ന പേരില്‍ രൂപീകരിക്കപ്പെട്ട സംഘടനയില്‍ ആദ്യഘട്ടമെന്ന നിലയില്‍ ആറ് മാസത്തിനുള്ളില്‍ 10,000 യുവാക്കളെ അംഗങ്ങളാക്കാനാണ് പദ്ധതി.

ദയൂബന്തിലെ ഫിര്‍ദൗസ് ഗാര്‍ഡനില്‍ നടന്ന ജെവൈസി എക്‌സിബിഷനില്‍ ജംഇത്തുല്‍ ഉലമായെ ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാന മഹ്്മൂദ് മദനി സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിവരിച്ചു. ചടങ്ങളില്‍ ഗുജറാത്ത്, ഹരിയാന, യുപി സംസ്ഥാനങ്ങളില്‍ 96 യൂത്ത് ക്ലബ്ബ് അംഗങ്ങള്‍ തങ്ങളുടെ കായികമായ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു.

ആറ് മാസത്തിനുള്ളില്‍ 10,000 യുവാക്കള്‍ക്ക് പരിശീലനം നല്‍കുമെന്നും 2019 ഫെബ്രുവരിയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുമെന്നും മൗലാന മദനി പറഞ്ഞു.രാജ്യത്തിനും സമുദായത്തിനും സേവനം നല്‍കുന്നവരായി യുവാക്കളെ വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മൗലാന മദനി പറഞ്ഞു. ഇന്ന് മുസ്്‌ലിം സമുദായം വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. മുസ്്‌ലിംകള്‍ പ്രത്യേകമായി ലക്ഷ്യംവയ്ക്കപ്പെടുന്ന രാജ്യത്തെ സമകാലീന സാഹചര്യത്തില്‍ മുസ്്‌ലിം യുവാക്കള്‍ക്കിടയില്‍ സ്വത്വ പ്രതിസന്ധിയും അസ്വസ്ഥതയും വളര്‍ന്നു വരുന്നുണ്ട്.

അതു കൊണ്ട് തന്നെ അത്തരം വെല്ലുവിളികളില്‍ നിന്ന് പുറത്തുവരുന്നതിന് ആവശ്യമായ സഹായം അവര്‍ക്ക് നല്‍കേണ്ടതുണ്ട്. സമുദായത്തിലെ ഓരോ അംഗവും പരസ്പരം സഹായിക്കുകയും ഒറ്റക്കെട്ടായി നില്‍ക്കുകയും ചെയ്താലേ ഇത് സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഒരു ബാഹ്യ പ്രതിസന്ധിയും ബാധിക്കാത്ത വിധം അവര്‍ ശക്തരാവണം. സഹായ മനസ്ഥിതിയും ആത്മാര്‍ഥതയുമാണ് മറ്റുള്ളവരുടെ ഹൃദയം കീഴടക്കാനുള്ള വഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top