ഛത്തീസ്ഗഡ് ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ പൊട്ടിത്തെറി; 9 മരണം

ഭിലായ്: ഛത്തീസ്ഗഡിലെ ഭിലായ് സ്റ്റീല്‍ പ്ലാന്റി(ബിഎസ്പി)ലുണ്ടായ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ 11.30ഓടെ ഗ്യാസ് പൈപ്പ്‌ലൈനിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ 14 പേര്‍ക്കു പരിക്കേറ്റതായി ഭിലായ് അധികൃതര്‍ അറിയിച്ചു. പൊതുമേഖലാ സ്ഥാപനമായ സെയിലിന്റെ (സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ) പ്ലാന്റാണ് ഭിലായിലേത്.
പരിക്കേറ്റ തൊഴിലാളികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഫാക്ടറി സ്ഥിതിചെയ്യുന്നത്. 2014ലും സമാനരീതിയിലുള്ള സ്‌ഫോടനം പ്ലാന്റിലുണ്ടായിരുന്നു. അന്ന് ആറു തൊഴിലാളികളാണ് മരിച്ചത്.
സ്‌ഫോടനസമയത്ത് 24 തൊഴിലാളികള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നതായി പോലിസ് ഐജി ജി പി സിങ് പറഞ്ഞു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. ആധുനികവല്‍ക്കരിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പ്ലാന്റ് ഈ വര്‍ഷം ജൂണിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമര്‍പ്പിച്ചത്. ഇന്ത്യന്‍ റെയില്‍വേക്ക് വേണ്ടി ലോകനിലവാരത്തിലുള്ള പാളങ്ങള്‍ നിര്‍മിക്കുന്നത് ഈ പ്ലാന്റിലാണ്.

RELATED STORIES

Share it
Top