ഛത്തീസ്ഗഡ്- തെലങ്കാന അതിര്‍ത്തിയിലെ ആക്രമണം തിരിച്ചടിക്കുമെന്ന് മാവോവാദികള്‍

ഗൊല്ലപടി: ഛത്തീസ്ഗഡ് തെലങ്കാന അതിര്‍ത്തിയില്‍ 10 മാവോവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി മാവോവാദികള്‍ രംഗത്ത്. പ്രകോപനങ്ങളൊന്നും കൂടാതെ തികച്ചും ഏകപക്ഷീയമായ വെടിവയ്പാണ് നടന്നതെന്നു നിരോധിത സംഘടനയായ സിപിഐ(മാവോവാദി) തങ്ങളുടെ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
കൊല്ലപ്പെട്ടവരില്‍ മുതിര്‍ന്ന നേതാക്കള്‍ ഒന്നുംതന്നെയില്ലായെന്നും ജില്ലാ കമ്മിറ്റി അംഗമായ ദാദബിയോസ് സ്വാമിയും (പ്രഭാകര്‍),രാംപുര്‍ ഗ്രാമത്തിലെ രത്‌നയും കൊല്ലപ്പെട്ടവരില്‍ പെടുന്നുവെന്നും തലങ്കാന പാര്‍ട്ടി സെക്രട്ടറി ജഗന്‍ പ്രസ്താവനയില്‍ പറഞ്ഞു. ശേഷിക്കുന്നവര്‍ ഛത്തീസ്ഗഡിലെ സുക്മ, ദന്തേവാദ ജില്ലകളില്‍ നിന്നുള്ളവരാണ്. പോലിസ് എത്തുന്ന സമയത്ത് മാവോവാദികള്‍ ജനങ്ങളോട് സംസാരിക്കുകയും വിശ്രമിക്കുകയുമായിരുന്നുവെന്നും പ്രകോപനങ്ങളൊന്നും കൂടാതെയുള്ള വെടിവയ്പാണ് നടന്നതെന്നും ജഗന്‍ പ്രസ്താവനയില്‍ പറയുന്നു. ഛത്തീസ്ഗഡ്, തെലങ്കാന, എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരായ രമണ്‍ സിങ്, കെ ചന്ദ്രശേഖര്‍ റാവു എന്നിവര്‍ ഏകാധിപതികളാണെന്നും ഇവര്‍ ആദിവാസികളുടെ പ്രകൃതിവിഭവങ്ങള്‍ ആഭ്യന്തര-അന്താരാഷ്ട്ര കുത്തകകള്‍ക്കു വില്‍ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 10 മാവോവാദികളില്‍ ഏഴു പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഭദ്രാചലത്ത് വച്ച് നടന്ന പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ദാദബിയോസ് സ്വാമിയുടെ (പ്രഭാകാര്‍)മൃതദേഹം കുടുംബത്തിന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
ഹൈദരാബാദ്, വാരങ്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ ഭദ്രാചലിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. വെള്ളിയാഴ്ചയാണ് തെലങ്കാന ഗ്രേഹണ്ട് സേനയുടെ നേതൃത്വത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ 10 മാവോവാദികള്‍ കൊല്ലപ്പെട്ടത്. ഓപറേഷനില്‍ ഒരു കമാന്‍ഡോയും കൊല്ലപ്പെട്ടിരുന്നു.

RELATED STORIES

Share it
Top