ഛത്തീസ്ഗഡില്‍ മൂന്ന് മാവോവാദികള്‍ അറസ്റ്റില്‍

റായ്പൂര്‍: ഛത്തീസ്ഗഡിലെ കോണ്ട്ഗാവ് ജില്ലയില്‍ നിന്നു മൂന്നു മാവോവാദികളെ പോലിസ് അറസ്റ്റ് ചെയ്തു. 10 കിലോഗ്രാം ടിഫിന്‍ ബോംബും ഇവരില്‍ നിന്നു പിടിച്ചെടുത്തു. റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ നിയോഗിച്ച സൈനികരാണ് വനത്തില്‍ നിന്നു മാവോവാദികളെ പിടികൂടിയതെന്നു കോണ്ട്ഗാവ് എഎസ്പി മഹേശ്വര്‍ നാഗ് പറഞ്ഞു. മാവോവാദികളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 10 കിലോഗ്രാം ടിഫിന്‍ ബോംബ്, ഒരു കെട്ട് വയര്‍, മാവോവാദി പ്രസിദ്ധീകരണങ്ങള്‍ എന്നിവ ഇവരില്‍ നിന്നു പിടിച്ചെടുത്തു. ലക്ഷ്മികാന്ത് കൊറം (28), ജയ്ത്രാം കൊറം (21), ചന്ദന്‍ കൊറം (19) എന്നിവരാണ് പിടിയിലായത്. റോഡ് നിര്‍മാണ പ്രവൃത്തിക്ക് സുരക്ഷ ഒരുക്കുന്ന സൈനികരെ ലക്ഷ്യമിട്ടാണ് സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതെന്നും നാഗ് പറഞ്ഞു. ബിജാപൂര്‍ ജില്ലയില്‍ നിന്നു മൂന്നു കുഴിബോംബുകളും കണ്ടെടുത്തു. റോഡ് നിര്‍മാണം നടക്കുന്ന സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് ബോംബുകള്‍ കണ്ടെത്തിയതെന്നു പോലിസ് പറഞ്ഞു. അതിനിടെ, ബസ്തര്‍ ജില്ലയില്‍ ഗ്രാമമുഖ്യനെ മാവോവാദികള്‍ കൊലപ്പെടുത്തി. ചിന്ദൂര്‍ ഗ്രാമത്തിലെ ഗ്രാമമുഖ്യന്‍ പന്ദു (45) ആണ് കൊല്ലപ്പെട്ടത്. ആയുധധാരികളായ ഒരു സംഘം വീട്ടിലെത്തി കൊലചെയ്യുകയായിരുന്നുവെന്നു ഡിഐജി പി സുന്ദരരാജ് പറഞ്ഞു.

RELATED STORIES

Share it
Top