ചോരപ്പുഴയില്‍ നവകേരളം സൃഷ്ടിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം: എം കെ മുനീര്‍

വടകര: രാഷ്ട്രീയ പ്രതിയോഗികളെ അരിഞ്ഞുവീഴ്ത്തി ചോരപ്പുഴയില്‍ നവകേരളം സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എംകെ മുനീര്‍.
പോലിസിനെ നിര്‍ജീവമക്കിയതിന് ശേഷം അണികളെ കയറൂരി വിട്ട് അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് സിപിഎം നേതൃത്വം. ഇത് തുടരുന്നത് യുഡിഎഫിന് കൈയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓര്‍ക്കാട്ടേരി കച്ചേരി മൈതാനിയില്‍ സിപിഎം അക്രമങ്ങള്‍ക്കെതിരെ ജനകീയ സമിതി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മുകാരുടെ കൈയ്യാല്‍ മറ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവങ്ങളൊന്നും തന്നെ ആകസ്മികമായുണ്ടായതല്ല. ഉന്നതമായ ഗൂഢാലോചനകള്‍ പല കൊലപാതകങ്ങള്‍ക്കു പിന്നിലുമുണ്ടായിട്ടുണ്ടെന്നും എംകെ മുനീര്‍ പറഞ്ഞു.
സിപിഎം നേതൃത്വത്തിന്റെ വഴിവിട്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് പാര്‍ട്ടി അണികള്‍ ബോധവാന്മാരാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെഎം ഷാജി എംഎല്‍എ ആവശ്യപ്പെട്ടു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഷിബു ബേബി ജോണ്‍, കെകെ രമ, കെസി അബൂ, എന്‍ വേണു, അഡ്വ.കെ പ്രവീണ്‍കുമാര്‍, സികെ മൊയ്തു, കെസി ഉമേഷ് ബാബു, പുത്തൂര്‍ അസീസ്, ഒകെ കുഞ്ഞബ്ദുല്ല, കുളങ്ങര ചന്ദ്രന്‍ സംസാരിച്ചു.

RELATED STORIES

Share it
Top