ചോമ്പാല സ്റ്റേഷനില്‍ ഓട്ടോ ഡ്രൈവറെ എസ്‌ഐ മര്‍ദിച്ചതായി പരാതി

വടകര: പരാതിയെ കുറിച്ച് അന്വേഷിക്കാനായി വിളിപ്പിച്ച ഓട്ടോ ഡ്രൈവറെ പോലിസ് മര്‍ദിച്ചതായി പരാതി. അഴിയൂര്‍ ചുങ്കത്തെ ഓട്ടോ ഡ്രൈവര്‍ ഷംസീര്‍ മഹലില്‍ സി എം സുബൈര്‍(57)നെയാണ് ചോമ്പാല അഡീഷണല്‍ എസ്‌ഐ മര്‍ദിച്ചതായി പരാതി. യാത്രക്കാരിയായ സ്ത്രീ നല്‍കിയ പരാതിയെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് സ്റ്റേഷനില്‍ വിളിപ്പിച്ച സുബൈറിനെ അഡീഷണല്‍ എസ്‌ഐ നസീര്‍ കഴുത്തിനും തലക്കും അടിച്ച് പരിക്കേല്‍പ്പിച്ചതായാണ് പരാതി. മര്‍ദനത്തില്‍ പരിക്കേറ്റ സുബൈറിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറെ മര്‍ദിച്ചതറിഞ്ഞ് സ്റ്റേഷനിലെത്തിയ സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കളോടും ഡ്യൂട്ടിയിലുള്ള പോ ലിസുകാര്‍ മോശമായി പെരുമാറിയതായും ആരോപണമുയര്‍ന്നു. ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികള്‍ അഴിയൂര്‍ ചുങ്കത്ത് ഓട്ടോ പണിമുടക്ക് നടത്തി. കഴിഞ്ഞ ദിവസം സുബൈറിന്റെ ഓട്ടോയില്‍ യാത്ര ചെയ്ത സ്ത്രീ കൈ പുറത്തിട്ടപ്പോള്‍ ലോറിക്ക് തട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്ത്രീ ചോമ്പാല പോലിസില്‍ പരാതി നല്‍കി. ഓട്ടോ ഡ്രൈവറുടെ അനാസ്ഥ മൂലമാണ് അപകടമെന്ന് പരാതിയില്‍ സ്ത്രീ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡ്രൈവറും സ്ത്രീയും തമ്മില്‍ സ്റ്റേഷനില്‍ വച്ച് നടന്ന തര്‍ക്കത്തിനിടെ പോലിസ് ഇരുവരെയും മാറ്റുന്നതിനിടെ ഉടുത്ത മുണ്ട് തടഞ്ഞ് വീണാണ് അപകടം പറ്റിയതെന്നാണ് ചോമ്പാല പോലിസിന്റെ വീശദീകരണം.

RELATED STORIES

Share it
Top