ചോമ്പാല്‍ തീരദേശത്ത് കുടിവെള്ള സാന്ത്വനവുമായി എസ്ഡിപിഐ

വടകര: രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന അഴിയൂര്‍ പഞ്ചായത്തിലെ ചോമ്പാല്‍ തീരദേശ മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി എസ്ഡിപിഐ ചോമ്പാല്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ള ഹൗസ് കണക്ഷന്‍ വിതരണം നടത്തി. പ്രദേശത്തെ 21 കുടുംബങ്ങള്‍ക്കാണ് ഇതുവഴി പ്രയോജനം ലഭിക്കുക. വര്‍ഷങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യത്തോട് അധികൃതര്‍ മുഖം തിരിഞ്ഞ് നിന്നപ്പോഴാണ് എസ്ഡിപിഐ ദൗത്യം ഏറ്റെടുത്ത്  ചോമ്പാല്‍ ബ്രാഞ്ച് കമ്മിറ്റി മാതൃകയായത്.വിട്ടിലേക്ക് കണക്ഷന്‍ ലഭിക്കാന്‍ ഭീമമായ സംഖ്യ ചെലവഴിക്കാന്‍ സാധിക്കാതെ ഉപ്പുവെള്ളം ആശ്രയിച്ചാണ് പ്രദേശവാസികള്‍ കഴിഞ്ഞ് പോരുന്നത്. കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ കെ ലീല, എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് റസാഖ് മാക്കൂല്‍, ഷംസീര്‍ ചോമ്പാല സംസാരിച്ചു. തുടര്‍ന്ന് നടന്ന ബ്രാഞ്ച് സമ്മേളനം എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ സി നസീര്‍, സാലിം അഴിയൂര്‍, ജലീല്‍ സഖാഫി, സൈനുദ്ദീന്‍, കെപി റിയാസ്, വിഎം അഷ്‌റഫ്, എംകെ റിയാസ് സംസാരിച്ചു.

RELATED STORIES

Share it
Top