ചോദ്യപേപ്പര്‍ മാറിനല്‍കിയെന്ന പരാതി സിബിഎസ്ഇയുടെ വാദങ്ങള്‍ തള്ളി വിദ്യാര്‍ഥിനി

കൊച്ചി: സിബിഎസ്ഇ 10ാം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന പരാതി തെറ്റാണെന്ന സിബിഎസ്ഇയുടെ വാദങ്ങള്‍ തള്ളി കോട്ടയം മൗണ്ട് കാര്‍മല്‍ വിദ്യാ നികേതന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അമീയ സലീം. ചോദ്യപേപ്പര്‍ മാറിയ വിവരം വിദ്യാര്‍ഥിനി ഇന്‍വിജിലേറ്ററെ അറിയിച്ചില്ലെന്നും 2016ല്‍ സഹോദരന്‍ എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറുമായെത്തി പരീക്ഷ എഴുതിയതാവാമെന്നും സിബിഎസ്ഇ ആരോപിച്ചിരുന്നു. ഇത് തെറ്റാണെന്ന് വിദ്യാര്‍ഥിനിയുടെ മാതാവ് സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു.
പരീക്ഷ കഴിഞ്ഞു മറ്റു വിദ്യാര്‍ഥികളുമായി സംസാരിച്ചപ്പോഴാണു തനിക്ക് ലഭിച്ച ചോദ്യപേപ്പര്‍ മറ്റൊന്നാണെന്ന് വിദ്യാര്‍ഥിനി അറിഞ്ഞത്. പ്രശ്‌നം അറിഞ്ഞ ഉടന്‍ പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കും പരാതി നല്‍കി. അവര്‍ സിബിഎസ്ഇക്കു നിവേദനവും നല്‍കി. ചോദ്യപേപ്പര്‍ വീട്ടില്‍ നിന്നു കൊണ്ടുവന്നിരുന്നെങ്കില്‍ അത് ശരീര പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടേനെ. രണ്ടു വര്‍ഷം മുമ്പാണ് സഹോദരന്‍ പരീക്ഷയെഴുതിയത്. അത് വ്യത്യസ്തമായ ഒന്നാണ്. അന്ന് അമീയ എട്ടാം ക്ലാസിലായിരുന്നു. വിഷയത്തില്‍ സിബിഎസ്ഇ പരിശോധന നടത്തിയെന്നു പറയുന്നുണ്ടെങ്കിലും അങ്ങനെ ഒന്ന് നടന്നതായി അറിയില്ല.
മോഡല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞെന്ന് കരുതി ഗണിതത്തില്‍ മോശമാണെന്നു പറയാനാവില്ല. വരുംവര്‍ഷങ്ങളില്‍ പഠനം തുടരാന്‍ അനുവദിക്കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യമുണ്ട്. സിബിഎസ്ഇ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന അമീയക്ക് മാര്‍ച്ച് 28ന് നടന്ന ഗണിത പരീക്ഷയ്ക്കാണ് തെറ്റായ ചോദ്യപേപ്പര്‍ ലഭിച്ചതതെന്നാണ് പരാതി.

RELATED STORIES

Share it
Top