ചോദ്യപേപ്പര്‍ ചോര്‍ച്ച: മൂന്നു പേര്‍ കൂടി അറസ്റ്റില്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്നു പേരെ കൂടി അറസ്റ്റ് ചെയ്തതായി ഡല്‍ഹി പോലിസ് ക്രൈംബ്രാഞ്ച് അറിയിച്ചു. 12ാം തരത്തിലെ സാമ്പത്തിക ശാസ്ത്ര ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഒരു കോണ്‍വെന്റ് സ്‌കൂളില്‍ ഫിസ്‌ക്‌സും ഗണിതവും പഠിപ്പിക്കുന്ന അധ്യാപകരും ഡല്‍ഹിയിലെ ഭവാനയില്‍ കോച്ചിങ് സെന്റര്‍ നടത്തുന്ന ഇകണോമിക്‌സ് ട്യൂഷന്‍ ടീച്ചറുമാണ് അറസ്റ്റിലായത്. ചോദ്യപേപ്പറിനായി വിദ്യാര്‍ഥികള്‍ 2,000-2,500 രൂപ വരെ നല്‍കിയിരുന്നുവെന്ന് പോലിസ് അറിയിച്ചു. ലഭ്യമായ തുക അധ്യാപകര്‍ പങ്കിട്ടെടുക്കുകയായിരുന്നു.
ഭവാനയില്‍ കോച്ചിങ് സെന്റര്‍ നടത്തുന്ന തൗഖിര്‍, സ്വകാര്യ സ്‌കൂള്‍ അധ്യാപകരായ ഋഷഭ്, രോഹിത് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. 12ാം ക്ലാസിലെ സാമ്പത്തിക ശാസ്ത്ര പരീക്ഷ നടന്ന 26ന് പരീക്ഷ ആരംഭിക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ത്തിനല്‍കിയെന്നാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം. 9.45ന് ആരംഭിച്ച പരീക്ഷയുടെ ചോദ്യപേപ്പര്‍ 8.15ന് ഇരു അധ്യാപകരും ചേര്‍ന്ന് തുറന്നു മൊബൈലില്‍ ഫോട്ടോ എടുത്ത് കോച്ചിങ് സെന്റര്‍ ഉടമയ്ക്ക് അയച്ചുകൊടുത്തു. അദ്ദേഹം കോച്ചിങ് സെന്ററിലെ തന്റെ വിദ്യാര്‍ഥികള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു.
അതേസമയം, ഗണിത ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം പരീക്ഷ നടന്ന മാര്‍ച്ച് 28നു തലേന്ന് രാത്രി സിബിഎസ്ഇ ചെയര്‍പേഴ്‌സനെ ഇ-മെയില്‍ വഴി അറിയിച്ച വിദ്യാര്‍ഥിയെ പോലിസ് തിരിച്ചറിഞ്ഞു. വിദ്യാര്‍ഥിയെയും പിതാവിനെയും ചോദ്യം ചെയ്തതായി പോലിസ് പറഞ്ഞു.
53 വിദ്യാര്‍ഥികളെയും ഒമ്പത് അധ്യാപകരെയും ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യപേപ്പര്‍ പ്രചരിച്ച വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും പരിശോധിച്ചു. ജാര്‍ഖണ്ഡിലെ എബിവിപി നേതാവ് അടക്കം മൂന്നു പേരെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പഴയ പരീക്ഷാരീതിയിലേക്കു തന്നെ തിരിച്ചുപോകാനുള്ള പദ്ധതിയാണ് സിബിഎസ്ഇ ആലോചിക്കുന്നതെന്ന് റിപോര്‍ട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ മൂന്നു സെറ്റ് ചോദ്യപേപ്പറുകള്‍ ഉണ്ടാക്കാനാണ് സിബിഎസ്ഇ ആലോചിക്കുന്നത്. എന്നാല്‍, ഈ മാസം നടത്തുന്ന പുനഃപരീക്ഷകള്‍ നിലവിലെ രീതിയില്‍ തന്നെ നടക്കും.

RELATED STORIES

Share it
Top