ചോദ്യപേപ്പര്‍ ചോര്‍ച്ച: സിബിഎസ്ഇ രണ്ടു പരീക്ഷകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്ന് സിബിഎസ്ഇയുടെ രണ്ട് പരീക്ഷകള്‍ റദ്ദാക്കി. 10ാം ക്ലാസിലെ ഗണിതശാസ്ത്രം, 12ാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രം പരീക്ഷകളാണ് റദ്ദാക്കിയത്. പരീക്ഷകള്‍ വീണ്ടും നടത്തും. തിയ്യതി ഒരാഴ്ചയ്ക്കകം സിബിഎസ്ഇ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും ബോര്‍ഡ് അറിയിച്ചു.
ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ ബോര്‍ഡ് ആഭ്യന്തര അന്വേഷണം നടത്തുമെന്ന് കേന്ദ്ര മാനവശേഷി വികസനമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. ചോര്‍ച്ച തടയുന്നതിനായി പുതിയ സംവിധാനം ഏര്‍പ്പെടുത്തും.
ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഡല്‍ഹി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിബിഎസ്ഇ നല്‍കിയ പരാതിയില്‍ ഡല്‍ഹി പോലിസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് അന്വേഷണം നടത്തുന്നതെന്ന് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍ അറിയിച്ചു.
12ാം ക്ലാസ് സാമ്പത്തിക ശാസ്ത്ര പരീക്ഷയുടെ ചോദ്യപേപ്പര്‍ തിങ്കളാഴ്ച തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നതായി വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. 10ാം ക്ലാസിലെ ഗണിത ചോദ്യപേപ്പര്‍ ചൊവ്വാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. 12ാം ക്ലാസ് അക്കൗണ്ടന്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് ചൂണ്ടിക്കാട്ടി മാര്‍ച്ച് 15ന് പരാതി ലഭിച്ചിരുന്നതായി ഡല്‍ഹി സര്‍ക്കാരും നേരത്തേ വ്യക്തമാക്കിയിരുന്നു.  എന്നാല്‍, ഇക്കാര്യം നിഷേധിച്ച സിബിഎസ്ഇ, വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ടെന്നും പ്രതികരിച്ചു.

RELATED STORIES

Share it
Top