ചോദ്യച്ചോര്‍ച്ച: സുപ്രിംകോടതി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പത്താം ക്ലാസിലെ ഗണിത പരീക്ഷ വീണ്ടും നടത്താനുള്ള ബോര്‍ഡ് തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി നാളെ പരിഗണിക്കും. കേരളത്തില്‍ നിന്നുള്ള റോഹന്‍ മാത്യു എന്ന പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ഹരജി നല്‍കിയത്. പുനപ്പരീക്ഷ നടത്താനുള്ള തീരുമാനം വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കുമെന്നാണ് ഹരജിയില്‍ പറയുന്നത്. ഹരജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് വ്യക്തമാക്കി.
അതിനിടെ, ഡല്‍ഹിയിലും ഹരിയാനയിലും മാത്രം പുനപ്പരീക്ഷ നടത്താനുള്ള സിബിഎസ്ഇയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഡല്‍ഹിയില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥിനികളായ അനസൂയ, ഗായത്രി എന്നിവരും ഇന്നലെ സുപ്രിംകോടതിയിയെ സമീപിച്ചു. ഈ ഹരജിയും നാളെ പരിഗണിക്കും. സിബിഎസ്ഇയുടെ ഈ തീരുമാനം തുല്യത സംബന്ധിച്ച ഭരണഘടനാ വകുപ്പ് 14ന്റെ ലംഘനമാണെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.
ചോര്‍ന്ന ചോദ്യപേപ്പറിന്റെ ആനുകൂല്യം നേടിയത് ഡല്‍ഹിയിലും ഹരിയാനയിലുമുള്ളവര്‍ മാത്രമാണെന്നു വരുന്നത് അവിടെയുള്ള വിദ്യാര്‍ഥികള്‍ക്ക് അപകീര്‍ത്തി സൃഷ്ടിക്കും. പരീക്ഷ നടത്തുകയാണെങ്കില്‍,  എല്ലാസംസ്ഥാനത്തും നടത്തണമെന്നാണ്  ആവശ്യം.

RELATED STORIES

Share it
Top