ചോദ്യംചെയ്യാതെ സ്വീകരിക്കാനുള്ളതല്ല ചരിത്രം: റൊമീല ഥാപര്‍

തിരുവനന്തപുരം: ചോദ്യംചെയ്യാതെ സ്വീകരിക്കാനുള്ളതല്ല ചരിത്രമെന്നു പ്രശസ്ത ചരിത്രകാരി റൊമീല ഥാപര്‍. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആസ്ഥാനത്ത് 'ജ്ഞാനശാസ്ത്ര പരിണാമവും ഗവേഷണ രീതിശാസ്ത്രവും മാനവിക വിഷയങ്ങളില്‍' എന്ന വിഷയത്തില്‍ നടന്ന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു റൊമീല ഥാപര്‍. സംഭവങ്ങളുടെ വിവരണമല്ല ചരിത്രം. സംഭവങ്ങളുടെ ഉണ്ടാവലിലെ വ്യാഖ്യാനിക്കലാണ്. എന്തുകൊണ്ട് എങ്ങനെ എന്ന ചോദ്യങ്ങളിലൂടെ ഭൂതകാല സംഭവങ്ങളെ സമീപിക്കുകയും വിശദീകരിക്കുകയുമാണു ചരിത്രം ചെയ്യുന്നത്. ഈ വിശദീകരണങ്ങള്‍ നിരന്തരം വിമര്‍ശനങ്ങളിലൂടെ നവീകരിക്കപ്പെടണം. ചരിത്രം മാത്രമല്ല, എല്ലാ അറിവുകളും ചോദ്യംചെയ്യപ്പെടണം. അങ്ങനെ മാത്രമേ അറിവിനു വളര്‍ച്ച പ്രാപിക്കാനാവൂ. ഇതിഹാസകഥകള്‍ കൂട്ടിച്ചേര്‍ക്കലിനു വിധേയമായവയാണ്. ചരിത്രം അങ്ങനെയുള്ള കഥകളല്ല. രീതിശാസ്ത്രമനുസരിച്ചുള്ള നിയന്ത്രിതമായ വ്യാഖ്യാനമാണ്. അവ കെട്ടുകഥയല്ല. ശകുന്തളയുടെ കഥ ഉദാഹരിച്ച് ഇവര്‍ പറഞ്ഞു. മഹാഭാരതം മുതലുള്ള പല കൃതികളിലൂടെ ആ കഥ മാറിമറിഞ്ഞു. കാളിദാസന്റെ ശകുന്തള തികച്ചും വ്യത്യസ്തയാണെന്നതും അതുപോലെ സോമനാഥ ക്ഷേത്രത്തെപ്പറ്റിയുള്ള കഥകളും 'പത്മാവതി'ലെ കഥയും വിമര്‍ശനപൂര്‍വം വിലയിരുത്തണമെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്തെ കോളജുകളിലെ ഹ്യുമാനിറ്റീസ് അധ്യാപകര്‍ക്കായി നടത്തുന്ന ഒരാഴ്ചത്തെ ശില്‍പശാലയ്ക്കു കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കളാണു നേതൃത്വം നല്‍കുന്നത്. ശില്‍പശാല 17നു സമാപിക്കും.

RELATED STORIES

Share it
Top