ചോദ്യംചെയ്യലില്‍ ചുരുളഴിഞ്ഞത് ആറു വന്‍ കവര്‍ച്ചകള്‍

പഴയങ്ങാടി: ജ്വല്ലറി കവര്‍ച്ചയിലെ പ്രതികളെ ചോദ്യം ചെയ്തതിലൂടെ ചുരുളഴിഞ്ഞത് മേഖലയിലെ മറ്റ് ആറു വന്‍ കവര്‍ച്ചകള്‍. എല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഖ്യപ്രതി റഫീഖിന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയവ. 2013ല്‍ പുതിയങ്ങാടി തലക്കലെ പള്ളിക്ക് സമീപം കെ റഷീദയുടെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 77 പവനും ലാപ്‌ടോപ്പും മോഷ്ടിച്ചത് തങ്ങളാണെന്ന് പ്രതികള്‍ സമ്മതിച്ചു.
2014ല്‍ മൊട്ടാമ്പ്രം ജിന്ന് റോഡില്‍ എ സി അബ്ദുല്ലയുടെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 81 പവന്‍ കവര്‍ന്നത്, 2017 ല്‍ മാട്ടൂല്‍ വായനശാലയ്ക്ക് സമീപം എസ് മുഹമ്മദിന്റെ വീട്ടിന് മുമ്പില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ചത്, മാട്ടൂല്‍ സമീറ സ്റ്റോപ്പിലെ എസ് മുഹമ്മദിന്റെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പതിനായിരം രൂപയും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കവര്‍ന്നത്, 2018ല്‍ മാട്ടൂല്‍ നോര്‍ത്ത് മൂസാക്കാന്‍ പള്ളിക്ക് സമീപം ആശിഖ് അഹമ്മദിന്റെ പൂട്ടിയിട്ട വീട്ടില്‍നിന്ന് ആറുലക്ഷത്തി തൊണ്ണൂറായിരം രൂപയും രണ്ടു പവനും കവര്‍ന്നത്, പുതിയങ്ങാടി ഉത്താരം പള്ളിക്ക് സമീപം കെ അബ്ദുല്‍ ഹമീദിന്റെ വീട്ടിലെ മോഷണം എന്നിവയാണ് ഇവര്‍ നടത്തിയ മറ്റു കവര്‍ച്ചകള്‍.
എന്നാല്‍ പല കവര്‍ച്ചകളിലും വര്‍ഷം ഇത്രയായിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ച് പഴയങ്ങാടി പോലിസിനെതിരേ സേനയില്‍ പോലും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

RELATED STORIES

Share it
Top