ചോദ്യംചെയ്ത പഞ്ചായത്ത് അംഗത്തിന് ക്രൂരമര്‍ദനം

തൊട്ടില്‍പ്പാലം: മദ്യപിച്ച നിലയില്‍ സ്‌കൂളിലെത്തുകയും കുട്ടികളുടെ പഠനം തടസ്സപ്പെടുത്തി ബഹളം വയ്ക്കുകയും ചെയ്ത സംഭവം ചോദ്യം ചെയ്ത പഞ്ചായത്ത്  അംഗത്തിന് മദ്യപാനിയുടെ ക്രൂരമര്‍ദനം. കാവിലുംപാറ പഞ്ചായത്തിലെ കുണ്ടുതോട് വാര്‍ഡ് മെംബര്‍ ജോസഫ് കാഞ്ഞിരത്തിങ്കലിനാണ് മദ്യപാനം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മര്‍ദനമേറ്റത്. ഇന്നലെ വൈകീട്ട് മൂന്നോടെ സാന്‍ജോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പരിസരത്ത് വച്ചായിരുന്നു സംഭവം. കുണ്ടുതോടിലെ വെട്ടിക്കുനി ബെന്നി (36) ആണ് മദ്യലഹരിയില്‍ സ്‌കൂളിലെത്തുകയും പഠനം തടസ്സപ്പെടുത്തുന്ന നിലയില്‍ ബഹളം വയ്ക്കുകയും ചെയ്തത്. സ്‌കൂള്‍ പരിസരത്ത് മദ്യപിച്ച് ബഹളം വെക്കരുതെന്നും തിരിച്ചുപോകണമെന്നും സ്‌കൂള്‍ അധികൃതര്‍ പലതവണം ആവശ്യപ്പെട്ടെങ്കിലും ബെന്നി തിരിച്ചു പോയില്ല. ഇതേ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ സമീപവാസിയായ മെമ്പര്‍ ജോസഫിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ജോസഫ,് ബെന്നിയോട് മദ്യപിച്ചനിലയില്‍ സ്‌കൂള്‍ പരിസരം വിട്ടുപോകണമെന്നും ബഹളമുണ്ടാക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍ യാതൊരു പ്രകോപനവും ഇല്ലാതെ ബെന്നി ജോസഫിനെ മര്‍ദിക്കുകയായിരുന്നു. കല്ലുകൊണ്ട് ചെവിക്കുപിറകില്‍ കുത്തുകയും അടിക്കുകയും ചെയ്തു. പിന്നീട് നാട്ടുകാരെത്തിയാണ് രംഗം ശാന്തമാക്കിയത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മെംബര്‍റെ കുറ്റിയാടി ഗവ. താലൂക്കാശുപത്രിയില്‍ പ്രവേശിച്ചു. മദ്യപിച്ച നിലയില്‍ വിദ്യാലയ പരിസരങ്ങളില്‍ ബഹളമുണ്ടാക്കുന്നത് ബെന്നിയുടെ പതിവാണെന്നാണ് മെമ്പറടക്കമുള്ള നാട്ടുകാര്‍ പരാതി പറയുന്നത്. കഴിഞ്ഞയാഴ്ച ഇതേനിലയില്‍ കുണ്ടുതോട് ഹൈസ്‌കൂള്‍ പരിസരത്ത് ബഹളം വച്ചിരുന്നു. മര്‍ദ്ദിച്ച സംഭവത്തില്‍ തൊട്ടില്‍പ്പാലം പോലിസില്‍ പരാതി നല്‍കിയതായി മെമ്പര്‍ ജോസഫ് കാഞ്ഞിരത്തിങ്കല്‍ പറഞ്ഞു.

RELATED STORIES

Share it
Top