ചോക്‌സിയുടെ 1200 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ന്യൂഡല്‍ഹി:  പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മെഹുല്‍ ചോക്‌സിയുടെ 1,217 കോടി വിലവരുന്ന 41 വസ്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കള്ളപ്പണം തടയല്‍ നിയമ പ്രകാരമാണു നടപടി. കണ്ടുകെട്ടിയ വസ്തുവകകളില്‍ മുംബൈയിലെ 15 ഫഌറ്റുകളും 17 ഓഫിസുകളും കൊല്‍ക്കത്തയിലെ ഒരു മാളും പെടുന്നു.
അലിബാഗിലെ നാല് ഹെക്റ്റര്‍ വരുന്ന തോട്ട വസതിയും നാവിക്, നാഗ്പൂര്‍, പന്‍വേല്‍, തമിഴ്‌നാട്ടിലെ വില്ലപുരം എന്നീ സ്ഥലങ്ങളിലെ 231 ഹെക്റ്റര്‍ ഭൂമിയും കണ്ടുകെട്ടി. ഹൈദരാബാദിലെ രംഗറെഡ്ഡി ജില്ലയിലെ 500 കോടി വിലമതിക്കുന്ന 170 ഹെക്റ്റര്‍ വിസ്തീര്‍ണമുള്ള പാര്‍ക്ക്, മുംബൈ ബോറിവ്‌ലി (ഈസ്റ്റ്)യിലെ നാല് ഫഌറ്റുകള്‍, സാന്താക്രൂസിലെ ഖെമു ടവേഴ്‌സിലെ ഒമ്പതു ഫഌറ്റുകള്‍ എന്നിവയാണു കണ്ടുകെട്ടിയ മറ്റു വസ്തുവകകള്‍. ചോക്്‌സി നിയന്ത്രിക്കുന്ന ഇവയ്‌ക്കെല്ലാം കൂടി 1,217.2 കോടി രൂപ വിലമതിക്കുമെന്ന് ഇഡി അറിയിച്ചു. ബാങ്ക് തട്ടിപ്പില്‍ ചോക്്‌സി, നീരവ് മോദി എന്നിവരടക്കമുള്ളവരുടെ പങ്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മറ്റ് ഏജന്‍സികളും അന്വേഷിച്ചുവരികയാണ്. 1200 കോടിയിലേറെ രൂപ ഇവര്‍ പിഎന്‍ബിയില്‍ നിന്നു തട്ടി എന്നാണ് കേസ്. ബാങ്കിലെ ഏതാനും ജീവനക്കാരും കേസില്‍ പ്രതികളാണ്. സിബിഐയും ഇഡിയും രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസെടുക്കുന്നതിനു മുമ്പുതന്നെ ചോക്്‌സിയും നീരവ് മോദിയും രാജ്യംവിട്ടിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് പഞ്ചാബ് നാഷനല്‍ ബാങ്ക് എംഡിയും സിഇഒയുമായ സുനില്‍ മേത്തയുടെ മൊഴി ഇന്നലെ ഇഡി രേഖപ്പെടുത്തി.
ബാങ്കിന്റെ മുംബൈയിലെ മേഖലാ ഓഫിസില്‍ വച്ചായിരുന്നു മൊഴിയെടുത്തത്. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ വി ബ്രഹ്്മാജി റാവുവിന്റെ മൊഴി ഇഡി നേരത്തെ എടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 198 ഇടങ്ങളില്‍ തിരച്ചില്‍ നടത്തിയെന്ന് ഇഡി അറിയിച്ചു.

RELATED STORIES

Share it
Top